
ബാങ്ക് ചെക്കുകൾ ഉൾപ്പെടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരാതികൾ സമർപ്പിക്കാനുള്ള സൗകര്യങ്ങൾ വിപുലീകരിച്ച് ഷാർജ പൊലീസ്. ഇനി മുതൽ എമിറേറ്റിലെ ഏത് സ്റ്റേഷനുകളിലും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസുകൾ സ്വീകരിക്കുമെന്ന് ഷാർജ പൊലീസ് അറിയിച്ചു. സെൻട്രൽ ഓഫിസ് സന്ദർശിക്കാതെ നിവാസികൾക്ക് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ ഇത്തരം കേസുകൾ ഫയൽ ചെയ്യാം.
ബാങ്ക് സർട്ടിഫിക്കറ്റുകളുടെ ഡിജിറ്റൽ പതിപ്പുകൾ ലഭിക്കാനും ഇതുവഴി സൗകര്യമൊരുക്കും. വ്യക്തികൾക്കും സംരംഭകർക്കും സമയം ലാഭിക്കാൻ പുതിയ സംവിധാനം സഹായകമാവും. ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലുള്ള ഷാർജ പൊലീസിന്റെ പ്രതിബദ്ധതയാണ് പുതിയ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് കോംബ്രിഹെൻസിവ് പൊലീസ് സ്റ്റേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഇബ്രാഹീം മുസബ അൽ ആജൽ പറഞ്ഞു.
എല്ലാവർക്കും വേഗത്തിലും കൂടുതൽ സൗകര്യപ്രദവുമായ സേവനങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം. എല്ലാ കോംബ്രിഹെൻസിവ് പൊലീസ് സ്റ്റേഷനുകളിലേക്കും സേവന ഉത്തരവാദിത്തം വീതിച്ചുനൽകുന്നതിലൂടെ മെയിൻ സെന്ററിലെ ജോലി സമ്മർദം കുറക്കാനും നിവാസികൾക്ക് കൂടുതൽ സൗകര്യം നൽകാനും കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിർത്തിയ ബാങ്ക് അക്കൗണ്ടുകൾ, അക്കൗണ്ടിൽ പണമില്ലാതെ മനഃപൂർവം നൽകിയ ചെക്കുകൾ, വ്യാജ ചെക്കുകൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് പുതിയ സംവിധാനത്തിലൂടെ സ്വീകരിക്കുക.