
ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 35 ശതമാനം ഇളവ് പ്രഖ്യാപിച്ച് അബുദാബി പൊലീസ്. പിഴ രേഖപ്പെടുത്തി 60 ദിവസത്തിനുള്ളിൽ അടയ്ക്കുന്നവർക്കാണ് ഈ ആനുകൂല്യം. 60 ദിവസത്തിനുശേഷം ഒരു വർഷത്തിനകം പിഴ അടയ്ക്കുന്നവർക്ക് 25 ശതമാനം ഇളവ് ലഭിക്കും.
യുഎഇയിൽ ‘അനുമതിയില്ലാത്ത നടപ്പ്’, മലയാളി ദമ്പതികൾക്കെതിരെ നടപടി; ദുബായിൽ യുവാവിന് 10 വർഷം തടവ്: 7 രാജ്യാന്തര വാർത്തകൾ
ഗുരുതരമല്ലാത്ത നിയമലംഘനങ്ങൾക്കുള്ള പിഴയിലാണ് ഇളവ്. ഇനീഷ്യയേറ്റ് ആൻഡ് ബെനിഫിറ്റ് എന്ന പേരിൽ അബുദാബി പൊലീസിന്റെ ഗതാഗത ബോധവൽക്കരണ ക്യാംപെയ്ന്റെ ഭാഗമായാണ് പിഴയിളവ് പ്രഖ്യാപിച്ചത്. സംയോജിത ഗതാഗത കേന്ദ്രവും (ഐടിസി) അബുദാബി പൊലീസും സംയുക്തമായാണ് ക്യാംപെയിൻ നടത്തിവരുന്നത്. ഗതാഗത നിയമം പാലിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയാണ് ലക്ഷ്യം.
അബുദാബി, അൽഐൻ, അൽദഫ്ര മേഖലകളിലെ എഴുനൂറിലേറെ ബസുകളിലും നൂറിലേറെ ടാക്സികളിലും ഇതുസംബന്ധിച്ച പരസ്യം പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ ടാക്സിക്ക് മുകളിൽ സ്ഥാപിച്ച 370 റൂഫ് ടോപ് സ്കീനിലൂടെയും വിവരങ്ങൾ പ്രദർശിപ്പിക്കും. ഇതിലൂടെ യാത്രക്കാരുടെയും വാഹനമോടിക്കുന്നവരുടെയും ശ്രദ്ധ ക്ഷണിക്കാനാകുമെന്നാണ് അബുദാബി പൊലീസിലെ ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടറേറ്റിലെ സെൻട്രൽ ഓപറേഷൻസ് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ മഹ്മൂദ് യൂസഫ് അൽ ബലൂഷി പറഞ്ഞു.
അബുദാബി പൊലീസിന്റെ ആപ്പ്, താം (TAMM) പ്ലാറ്റ്ഫോം, ഉപഭോക്തൃ സേവന കേന്ദ്രം എന്നിവ മുഖേന പിഴ അടയ്ക്കാം. 500 ദിർഹത്തിൽ കൂടുതലുള്ള തുക തവണകളായി അടയ്ക്കാനും സൗകര്യമുണ്ട്. ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കമേഴ്സ്യൽ ബാങ്ക്, മഷ്റഖ് ഇസ്ലാമിക് ബാങ്ക്, അബുദാബി ഇസ്ലാമിക് ബാങ്ക്, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് എന്നീ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുള്ളവർക്കാണ് തവണകളായി അടയ്ക്കാനാവുക.