
ഹോങ്കോങ് രാജ്യാന്തര വിമാനത്താവളത്തിൽ എമിറേറ്റ്സിന്റെ ചാർട്ടർ കാർഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിലേക്ക് പതിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്. ഇന്ന്( തിങ്കൾ) പുലർച്ചെയാണ് സംഭവം നടന്നതെന്ന് എമിറേറ്റ്സ് എയർലൈൻസ് അധികൃതർ സ്ഥിരീകരിച്ചു.
പ്രവാസികളുടെ ശ്രദ്ധയ്ക്ക്: കുടുംബ വീസ പുതുക്കൽ ഇനി എളുപ്പമല്ല! ഭാര്യയ്ക്കും കുട്ടികൾക്കും കൂടുതൽ ‘കടമ്പകൾ’; മാറ്റങ്ങൾ അറിയാം
തകർന്ന വിമാനം തങ്ങൾ വാടകയ്ക്കെടുത്ത (വെറ്റ്-ലീസ്) കാർഗോ വിമാനമാണെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. ഹോങ്കോങ്ങിൽ ലാൻഡിങ്ങിനിടെ അപകടത്തിൽപ്പെട്ട ഇകെ9788 വിമാനം, ആക്ട് എയർലൈൻസിൽ നിന്ന് വെറ്റ്-ലീസ് അടിസ്ഥാനത്തിൽ എടുത്തതും അവർ തന്നെ ഓപ്പറേറ്റ് ചെയ്യുന്നതുമായ കാർഗോ വിമാനമാണ്. ബോയിങ് 747-400 ആണ് വിമാനം. വിമാനത്തിലെ ജോലിക്കാർ സുരക്ഷിതരാണ്. വിമാനത്തിൽ കാർഗോ ഉണ്ടായിരുന്നില്ല.
ഇന്ന് പുലർച്ചെ പ്രാദേശിക സമയം 3.50ന് ദുബായിൽ നിന്ന് എത്തിയ ബോയിങ് ബി747 കാർഗോ വിമാനം ഹോങ്കോങ് രാജ്യാന്തര വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് തെന്നിമാറി അടുത്തുള്ള കടലിലേക്ക് പതിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സിവിൽ ഏവിയേഷൻ ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ടനുസരിച്ച് ലാൻഡിങ്ങിനിടെ കുറഞ്ഞ ദൃശ്യപരതയും ഈർപ്പമുള്ള സാഹചര്യങ്ങളും കാരണം വിമാനം റൺവേയിൽ നിന്ന് തെന്നിമാറി ലാന്റൗ ദ്വീപിന് സമീപമുള്ള കടലിലേക്ക് തെന്നി വീഴുകയായിരുന്നു. അപകടത്തിനിടെ ഒരു സർവീസ് വാഹനത്തിൽ വിമാനം ഇടിച്ചതിനെ തുടർന്ന് വാഹനത്തിലുണ്ടായിരുന്ന രണ്ട് വിമാനത്താവള ഗ്രൗണ്ട് ജീവനക്കാർ മരിക്കുകയും അവർ വാഹനത്തോടൊപ്പം കടലിലേക്ക് വീഴുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിനിടെ ഭാഗികമായി കടലിൽ മുങ്ങിയ കൂറ്റൻ കാർഗോ ജെറ്റിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. വിമാനത്തിന്റെ പുറകുവശം തകർന്ന നിലയിൽ വെള്ളത്തിന് മുകളിൽ കാണാം.