
ആഗോളതലത്തിലെ ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ യു.എ.ഇക്ക് എട്ടാം സ്ഥാനം. വിസയില്ലാതെ സഞ്ചരിക്കാവുന്ന ലോക രാജ്യങ്ങളുടെ എണ്ണം വർധിച്ചതോടെയാണ് ഇമാറാത്തി പാസ്പോർട്ട് യു.എസ്, കാനഡ പാസ്പോർട്ടുകളേക്കാൾ മികച്ച സ്ഥാനം കൈവരിച്ചിരിക്കുന്നത്. 184 രാജ്യങ്ങളിലേക്കാണ് യു.എ.ഇ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്യാനാവുകയെന്ന് ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ വ്യക്തമാക്കുന്നു. പട്ടികയിൽ 20 വർഷത്തിനിടെ ആദ്യമായി യു.എസ് പാസ്പോർട്ട് ആദ്യ 10ന് പിറകിലേക്ക് പോയിട്ടുമുണ്ട്.
2014ൽ പട്ടികയിൽ ഒന്നാമതായിരുന്ന യു.എസ് പാസ്പോർട്ട് പുതിയ പട്ടികയിൽ 12ാം സ്ഥാനത്താണുള്ളത്. ഏഷ്യൻ രാജ്യങ്ങളായ സിംഗപ്പൂർ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവയാണ് പട്ടികയിൽ ആദ്യസ്ഥാനങ്ങളിൽ ഇടംപിടിച്ചിട്ടുള്ളത്. 193 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്നതിനാലാണ് സിംഗപ്പൂർ ഒന്നാം സ്ഥാനത്തെത്തിയത്. ജർമനി, ഇറ്റലി, ലക്സംബർഗ്, സ്പെയിൻ, സ്വിറ്റ്സർലൻഡ് എന്നിവ പട്ടികയിൽ നാലാം സ്ഥാനമാണ് കൈവരിച്ചിരിക്കുന്നത്.
188 രാജ്യങ്ങളിലേക്കുള്ള വിസയില്ലാത്ത യാത്രക്ക് ഈ രാജ്യക്കാർക്ക് അനുമതിയുണ്ട്. അഞ്ചാം സ്ഥാനത്ത് ഓസ്ട്രിയ, ബെൽജിയം, ഡെൻമാർക്, ഫിൻലൻഡ്, ഫ്രാൻസ്, അയർലൻഡ്, നെതർലൻഡ്സ് എന്നിവയാണുള്ളത്. യു.കെ, ക്രൊയേഷ്യ, എസ്തോണിയ, സ്ലോവാക്യ, സ്ലൊവീനിയ എന്നിവക്കൊപ്പമാണ് യു.എ.ഇ എട്ടാം സ്ഥാനത്തെത്തിയത്. കഴിഞ്ഞ വർഷം 11ാം സ്ഥാനത്തായിരുന്നതാണ് ഇത്തവണ എട്ടാം സ്ഥാനത്തേക്ക് ഉയർന്നിരിക്കുന്നത്. അഫ്ഗാനിസ്താനിലെ പാസ്പോർട്ടാണ് പട്ടികയിൽ ഏറ്റവും ദുർബലമായിട്ടുള്ളത്. വിദേശങ്ങളിൽ പൗരന്മാരുടെ ജീവിതം എളുപ്പമാക്കുന്നതിന് നേതൃത്വത്തിൻറെ നിർദേശപ്രകാരം വിദേശകാര്യ മന്ത്രാലയം നടത്തിയ പരിശ്രമങ്ങളുടെ ഫലമാണിതെന്ന് യു.എ.ഇ പ്രസിഡൻറിൻറെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് എക്സിൽ കുറിച്ചു.