
ആരാണ് അനിൽകുമാർ ബി. യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലോട്ടറി സമ്മാനത്തുകയായ 100 ദശലക്ഷം ദിർഹം അതായത് ഏകദേശം 225 കോടി ഇന്ത്യൻ രൂപ സ്വന്തമാക്കിയ മഹാഭാഗ്യവാനായ ആൾ മലയാളി ആയിരിക്കുമോ എന്ന ആകാംക്ഷയിലാണ് പ്രവാസ ലോകം.
യുഎഇ ലോട്ടറിയുടെ ചരിത്രത്തിലെ ആദ്യത്തെ 100 ദശലക്ഷം ദിർഹം ഗ്രാൻഡ് പ്രൈസ് വിജയിയെ പ്രഖ്യാപിച്ചതോടെയാണ് ഈ ചർച്ചകൾ സജീവമായത്. അനിൽകുമാർ ബി. എന്ന യുഎഇയിലെ താമസക്കാരനാണ് റെക്കോർഡ് സമ്മാനം നേടിയതെന്നാണ് പുറത്തുവന്നിട്ടുള്ള റിപ്പോർട്ട്.
അനിൽകുമാർ ബി’ എന്ന പേര് നൽകുന്ന സൂചന പ്രകാരം വിജയി ഒരു ഇന്ത്യക്കാരനോ അല്ലെങ്കിൽ മലയാളി തന്നെയോ ആയിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ലോട്ടറിയിൽ പങ്കെടുക്കാൻ 18 വയസ്സിനു മുകളിലുള്ള യുഎഇ നിവാസികൾക്ക് മാത്രമേ യോഗ്യതയുള്ളൂ എന്നതിനാൽ വിജയി എമിറേറ്റിൽ താമസിക്കുന്ന വ്യക്തിയാണെന്നത് ഉറപ്പാണ്. വിനോദസഞ്ചാരികൾക്ക് ഈ സമ്മാനം നേടാൻ കഴിയില്ല. യുഎഇയുടെ വാണിജ്യ ഗെയിമിങ് മേഖലയിലെ ഒരു ചരിത്ര നിമിഷമായാണ് ഈ ജാക്ക്‌പോട്ട് നേട്ടത്തെ ലോട്ടറി ഓപ്പറേറ്റർ വിശേഷിപ്പിക്കുന്നത്. ലക്കി ഡേ നറുക്കെടുപ്പിൽ ഏഴ് നമ്പറുകളും കൃത്യമായി ഒത്തുചേർന്നാണ് വിജയി സമ്മാനം സ്വന്തമാക്കിയത്. വെറും 50 ദിർഹമിന്റെ ടിക്കറ്റാണ് ജീവിതം മാറ്റിമറിക്കുന്ന സമ്മാനത്തിന് കാരണമായത്. ടിക്കറ്റിന്റെ ഉടമ ഉടൻ പ്രത്യക്ഷപ്പെടുമെന്ന കാത്തിരിപ്പിലാണ് മറ്റുള്ളവർ.