
പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലെ സംഘർഷം രൂക്ഷമായതോടെ ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാരബന്ധവും നിലച്ചു. കറാച്ചി ഉൾപ്പെടെ പാക്കിസ്ഥാനിലെ തുറമുഖങ്ങളിലും അതിർത്തി നഗരങ്ങളിലുമായി കയറ്റുമതി ലക്ഷ്യമിട്ട് അഫ്ഗാനിസ്ഥാൻ എത്തിച്ച ആയിരക്കണക്കിന് കണ്ടെയ്നറുകളാണ് കെട്ടിക്കിടക്കുന്നതെന്ന് പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ ജോയിന്റ് ചേംബർ ഓഫ് കൊമേഴ്സ് അഭിപ്രായപ്പെട്ടു. അതിർത്തി ചെക്പോസ്റ്റുകൾക്ക് ഇരുവശവുമായി 6,000ലേറെ ചരക്കുലോറികളും കുടുങ്ങിക്കിടക്കുകയാണ്.
ഒരിടവേളയ്ക്കുശേഷം സമീപകാലത്താണ് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും വ്യാപാരബന്ധം വീണ്ടും സജീവമാക്കിയത്. 2025ന്റെ ആദ്യ 6 മാസത്തെ കണക്കനുസരിച്ച് 100 കോടി ഡോളറിന്റേതാണ് (8,500 കോടി രൂപ) ഉഭയകക്ഷി വ്യാപാരം. ഇതിൽ 27.7 കോടി ഡോളറിന്റേത് (2,400 കോടി രൂപ) പാക്കിസ്ഥാനിലേക്കുള്ള അഫ്ഗാന്റെ കയറ്റുമതിയാണ്. പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാനിലേക്ക് 71.2 കോടി ഡോളറിന്റെ (6,100 കോടി രൂപ) കയറ്റുമതിയും നടത്തുന്നു.