
ജീവകാരുണ്യപരമായ ആവശ്യങ്ങൾക്കായി വഖഫ് (ഇസ് ലാമിക് എൻഡോവ്മെന്റ്) നൽകുന്ന ദാതാക്കൾക്ക് ഇനി യുഎഇ ഗോൾഡൻ വീസ ലഭിക്കും. ഇതിനായി ദുബായ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ജനറൽ ഡയറക്ടറേറ്റും (ജിഡിആർഎഫ്എ-ദുബായ് ) എൻഡോവ്‌മെൻ്റ്‌സ് ആൻഡ് മൈനർ അഫയേഴ്‌സ് ഫൗണ്ടേഷനും (ഔഖാഫ് ദുബായ്) തമ്മിൽ സഹകരണ കരാറിൽ ഒപ്പുവച്ചു.
‘മാനുഷിക പ്രവർത്തനങ്ങളുടെ സാമ്പത്തിക പിന്തുണക്കാർ’ (ഫിനാൻഷ്യൽ സപോർട്ടേഴ്സ് ഒാഫ് ഹ്യുമനിറ്റേറിയൻ വർക്ക്) എന്ന വിഭാഗത്തിന് കീഴിലാണ് വഖഫ് ദാതാക്കൾക്ക് ഗോൾഡൻ വീസ ലഭിക്കുക. ഗോൾഡൻ വീസയുടെ മാനദണ്ഡങ്ങൾ പാലിക്കുന്ന യുഎഇ സ്വദേശികളായതോ അല്ലാത്തതോ ആയ വഖഫ് ദാതാക്കളെ ഔഖാഫ് ദുബായ് നാമനിർദ്ദേശം ചെയ്യും.
മന്ത്രിസഭാ തീരുമാനം നമ്പർ (65) 2022-ൽ ഗോൾഡൻ വീസയ്ക്കായി നിശ്ചയിച്ചിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങൾ ഇവർ പാലിച്ചിരിക്കണം. ഔഖാഫ് ദുബായിയുടെ ശുപാർശ അംഗീകരിച്ച ശേഷം ജിഡിആർഎഫ്എ-ദുബായ് ഗോൾഡൻ വീസ അനുവദിക്കും. കരാർ നടപ്പിലാക്കുന്നത് നിരീക്ഷിക്കാനും സാമൂഹിക ലക്ഷ്യങ്ങൾ കൈവരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇരു സ്ഥാപനങ്ങളും ചേർന്ന് ഒരു സംയുക്ത സമിതിക്ക് രൂപം നൽകും. ദുബായിയെ സഹിഷ്ണുതയുടെയും ജീവകാരുണ്യത്തിന്റെയും ആഗോള കേന്ദ്രമായി ശക്തിപ്പെടുത്താനും ലോകത്തിലെ ഏറ്റവും സുസ്ഥിരമായ നഗരമാക്കി മാറ്റാനുമുള്ള ശ്രമങ്ങൾക്ക് ഈ പങ്കാളിത്തം സഹായകമാകുമെന്ന് ജിഡിആർഎഫ്എ-ദുബായ് പ്രസ്താവനയിൽ അറിയിച്ചു.