
കൊല്ലപ്പെട്ട മുഴുവൻ ഇസ്രയേലി ബന്ദികളുടെയും മൃതദേഹങ്ങൾ കൈമാറാൻ സമയമെടുത്തേക്കുമെന്നു ഹമാസ്. ഗാസയിൽ ഇസ്രയേൽ തകർത്ത ടണലുകൾക്കുള്ളിലും തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കുള്ളിലുമാണ് മൃതദേഹങ്ങളുള്ളതെന്നു ഹമാസ് പറയുന്നു. എന്നാൽ, എല്ലാ ബന്ദികളുടെയും മൃതദേഹം കൈമാറുകയെന്ന വെടിനിർത്തൽ കരാറിലെ നിബന്ധന പാലിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും ഹമാസ് പ്രസ്താവിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
തകർന്ന ടണലുകൾക്കുള്ളിലും കെട്ടിടങ്ങൾക്കുള്ളിലുമുള്ള മൃതദേഹാവശിഷ്ടങ്ങൾ വീണ്ടെടുക്കാൻ യന്ത്രോപകരണങ്ങൾ ആവശ്യമാണെന്നും ഇസ്രയേൽ അനുവദിക്കാത്തതിനാൽ ഇവ ഗാസയിലേക്ക് എത്തുന്നില്ലെന്നുമാണ് ഹമാസിന്റെ വാദം. 23 ബന്ദികൾ മരിച്ചതായാണ് കണക്കാക്കുന്നതെങ്കിലും എല്ലാവരുടെയും മൃതദേഹം ഹമാസ് കൈമാറിയിട്ടില്ല. അതേസമയം, ബന്ദികളുടെ മൃതദേഹങ്ങൾ വിട്ടുനൽകുന്നതിൽ ഹമാസ് കാലതാമസം വരുത്തുന്നുവെന്നു ചൂണ്ടിക്കാട്ടി ഗാസയിലേക്കുള്ള സഹായവിതരണത്തിന് ഇസ്രയേൽ നിയന്ത്രണമേർപ്പെടുത്തുന്നുമുണ്ട്.