
യുഎഇയുടെ സ്ഥാപക പിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെ ആദരിക്കുന്ന സായിദ് നാഷനൽ മ്യൂസിയം ഡിസംബർ മൂന്നിന് പൊതുജനങ്ങൾക്കായി തുറക്കും. സഅദിയാത്ത് കൾച്ചറൽ ഡിസ്ട്രിക്റ്റിന്റെ ഹൃദയഭാഗത്താണ് യുഎഇയുടെ ദേശീയ മ്യൂസിയം സ്ഥിതി ചെയ്യുന്നത്.
പുരാതന കാലം മുതൽ ഇന്നുവരെയുള്ള യുഎഇയുടെ ചരിത്രം ഒരു സമഗ്രമായ യാത്രാനുഭവത്തിലൂടെ മ്യൂസിയം സന്ദർശകർക്ക് മുന്നിൽ അവതരിപ്പിക്കും. പുരാവസ്തുക്കളും ചരിത്രപരമായ വസ്തുക്കളും ഓഡിയോവിഷ്വൽ അനുഭവങ്ങളും സമകാലിക ഇൻസ്റ്റാളേഷനുകളും ഇവിടെ സംയോജിപ്പിച്ചിരിക്കുന്നു. സാംസ്കാരിക പൈതൃകം, വിദ്യാഭ്യാസം, ദേശീയ സ്വത്വം എന്നിവയോടുള്ള ഷെയ്ഖ് സായിദിന്റെ പ്രതിബദ്ധതയെ മ്യൂസിയം ആദരിക്കുന്നുവെന്ന് സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു. ചരിത്രവും നവീകരണവും ഒത്തുചേരുന്ന ഈ ഇടം, വരും തലമുറയ്ക്ക് വിജ്ഞാനത്തിന്റെയും പ്രചോദനത്തിന്റെയും ഉറവിടമാകും.