
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ മുംബൈ സ്വദേശിക്ക് 10 ലക്ഷം യുഎസ് ഡോളർ (ഏകദേശം 7 കോടിയിലേറെ രൂപ) സമ്മാനം. സൗദിയിലെ തബൂക്കിൽ താമസിക്കുന്ന ഡാനി ടെല്ലിസ് (47) ആണ് ഭാഗ്യശാലി. മില്ലേനിയം മില്യണയർ സീരീസ് 518 നറുക്കെടുപ്പിലെ 0542 എന്ന ടിക്കറ്റാണ് ഡാനി ടെല്ലിസിനെ കോടീശ്വരനാക്കിയത്. സെപ്റ്റംബർ 23ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ നിന്നാണ് അദ്ദേഹം ടിക്കറ്റ് എടുത്തത്. കഴിഞ്ഞ അഞ്ച് വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഭാഗ്യം പരീക്ഷിക്കുന്നു. മൂന്ന് വർഷത്തിലേറെയായി തബൂക്കിൽ കൺസ്ട്രക് ഷൻ മാനേജരായി ജോലി ചെയ്യുന്ന ഡാനി വിവാഹിതനാണ്. രണ്ട് മക്കളുമുണ്ട്.
പോകുന്നതിനു മുൻപ് 13 വർഷം ദുബായിൽ താമസിച്ചിരുന്ന ഡാനി, ലഭിച്ച സമ്മാനത്തുക ദുബായിൽ നിക്ഷേപിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അറിയിച്ചു. മില്ലേനിയം മില്യണയർ നറുക്കെടുപ്പ് തുടങ്ങിയ 1999 മുതൽ ഒരു മില്യൺ യുഎസ് ഡോളർ നേടുന്ന 261-ാമത്തെ ഇന്ത്യൻ പൗരനാണ് ഡാനി ടെല്ലിസ്.
മില്ലേനിയം മില്യണയർ നറുക്കെടുപ്പിന് പിന്നാലെ നടന്ന ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പിലും ഇന്ത്യൻ പൗരന്മാർക്ക് വൻ നേട്ടം. മുംബൈയിൽ നിന്നുള്ള ചിന്മയ് ജോഷി (31) ക്ക് മെഴ്സിഡസ് ബെൻസ് എസ് 500 (മെറ്റാലിക് പെയിന്റ് ഒബ്സിഡിയൻ) കാർ സമ്മാനമായി ലഭിച്ചു. സെപ്റ്റംബർ 30-ന് ഓൺലൈനായി വാങ്ങിയ 0813 എന്ന ടിക്കറ്റിലൂടെയാണ് ചിന്മയ് ഈ നേട്ടം സ്വന്തമാക്കിയത്. ഒരു സാമ്പത്തിക സ്ഥാപനത്തിൽ സ്ട്രാറ്റജിക് അലയൻസ് മാനേജരായി ജോലി ചെയ്യുന്ന ഇദ്ദേഹം ആദ്യമായാണ് ടിക്കറ്റ് എടുക്കുന്നത്.