
സാങ്കേതികവിദ്യയ്ക്കും പ്രതിരോധത്തിനും അത്യാവശ്യമായ നിർണായകമായ ധാതുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ചൈന ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ബെസെന്റ് ചൈനയുടെ നടപടികളെ വിമർശിച്ചത്. ചൈന മാന്ദ്യത്തിന് നടുവിലാണെന്നും ഇതിനുപിന്നാലെയാണ് മറ്റ് രാജ്യങ്ങളെ കൂടി മാന്ദ്യത്തിലേക്ക് തള്ളിവിടുന്ന പ്രവർത്തിയിൽ ചൈന ഏർപ്പെട്ടിരിക്കുന്നതെന്നും ബെസെന്റ് ആരോപിച്ചു.
‘‘ചൈനയുടെ ഈ നീക്കം തിരിച്ചടിയായേക്കും മുന്നറിയിപ്പ് നൽകി. ചൈന കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാരണം അവർക്ക് സംഭവിച്ച സാമ്പത്തിക പ്രതിസന്ധികള്‍ കാരണമാണ്. ചൈന ഒരു സാമ്പത്തിക മാന്ദ്യത്തിന്റെ നടുവിലാണ്. ഇത്തരം നടപടികൾ ചൈനയുടെ ആഗോള പ്രതിച്ഛായയെ കൂടുതൽ തകർക്കും. ആഗോള സമ്പദ്‌വ്യവസ്ഥയെ കൂടി മന്ദഗതിയിലാക്കാൻ അവർ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്കായിരിക്കും ഏറ്റവും കൂടുതൽ ദോഷം സംഭവിക്കുന്നത്. ഒക്ടോബർ 9ന്, സൈനിക ആവശ്യങ്ങൾക്കായി അപൂർവ ധാതുവിഭവങ്ങളുടെ കയറ്റുമതി നിരോധിക്കുമെന്ന് ചൈന പ്രഖ്യാപിച്ചതും ഇതിന്റെ ഭാഗമായാണ്’’ – ബെസെന്റ് മുന്നറിയിപ്പ് നൽകി.