ublnews.com

ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്ന എഐ സംവിധാനം അവതരിപ്പിച്ച് ദുബായ് പൊലീസ്

മനുഷ്യ ഇടപെടലില്ലാതെ ഓട്ടോമാറ്റിക്കായി ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്ന സംവിധാനം അവതരിപ്പിച്ച് ദുബൈ പൊലീസ്. വേൾഡ് ട്രേഡ് സെന്‍ററിൽ പുരോഗമിക്കുന്ന ‘ജൈടെക്സ്’ മേളയിലാണ് ഇന്‍റലിജന്‍റ് ട്രാഫിക് സിസ്റ്റം എന്ന നവീന സംവിധാനം അവതരിപ്പിച്ചത്. അഞ്ച് നിയമലംഘനങ്ങളാണ് സംവിധാനം വഴി ഓട്ടോമാറ്റിക്കായി കണ്ടെത്താൻ സാധിക്കുക.

തത്സമയ കാമറ ദൃശ്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് നിയമലംഘനങ്ങൾ കണ്ടെത്തുന്നത്. നിർമിത ബുദ്ധി, സ്മാർട്ട് ഡേറ്റ അനാലിസിസ് രീതികൾ എന്നിവ ഉപയോഗിച്ചാണ് സംവിധാനം പ്രവർത്തിക്കുന്നത്. കൃത്യവും വളരെ വേഗത്തിലും ലംഘനങ്ങൾ കണ്ടെത്താനാകുമെന്നതാണ് സംവിധാനത്തിന്‍റെ പ്രത്യേകത.

സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുക, ഗതാഗതം തടസ്സപ്പെടുത്തുക, കാരണമില്ലാതെ റോഡിന് നടുവിൽ വാഹനം നിർത്തുക, വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കാതിരിക്കുക എന്നീ നിയമലംഘനങ്ങളാണ് സംവിധാനത്തിൽ കണ്ടെത്താൻ സാധിക്കുക. പുതിയ സംവിധാനം പൊലീസ് സേനക്ക് സമയവും വിഭവങ്ങളും ലാഭിക്കാനും റോഡിലെ നിയമലംഘനങ്ങളിൽ കൃത്യമായ തീരുമാനം എടുക്കാനും മറ്റു തന്ത്രപരമായ ദൗത്യങ്ങളിൽ ശ്രദ്ധിക്കാനും അവസരമൊരുക്കുന്നതാണെന്ന് ലഫ്. എൻജിനീയർ അഹ്മദ് അൽ ഹമ്മാദി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top