
അനുമതിയില്ലാത്ത കോഴ്സുകൾ നടത്തിയത് ഉൾപ്പെടെ ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിലെ പരിശീലന കേന്ദ്രം അടച്ചുപൂട്ടാൻ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര, ഗവേഷണ മന്ത്രാലയം ഉത്തരവിട്ടു. അംഗീകാരമില്ലാത്ത കോഴ്സിലേക്ക് വിദ്യാർഥികളെ ചേർക്കുക, അധ്യാപന ലൈസൻസില്ലാത്ത ജീവനക്കാരെ നിയമിക്കുക, ലൈസൻസില്ലാതെ നഴ്സറി നടത്തുക എന്നിവയാണ് കേന്ദ്രത്തിനെതിരെ ചുമത്തിയ കുറ്റം. അംഗീകാരമില്ലാത്ത കോഴ്സുകളിലേക്ക് വിദ്യാർഥികളെ ആകർഷിക്കാൻ പരസ്യം നൽകിയതും ഗുരുതര വീഴ്ചയാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
സുരക്ഷിതമല്ലാത്ത, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽനിന്ന് വിദ്യാർഥികളെ സംരക്ഷിക്കുക, യുഎഇയിലെ എല്ലാ വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങൾക്കും ശരിയായ ലൈസൻസ് ഉണ്ടെന്ന് ഉറപ്പാക്കുക, ഉയർന്ന നിലവാര മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുക എന്നിവയാണ് കടുത്ത നടപടികളുടെ ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി. പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നിരീക്ഷണം ഊർജിതമാക്കുമെന്നും പറഞ്ഞു. പിഴ ചുമത്തിയതിനു പുറമെ ഓൺലൈൻ അക്കൗണ്ടുകളും വെബ്സൈറ്റുകളും തടഞ്ഞു. എന്നാൽ സ്ഥാപനത്തിന്റെ പേരുവിവരം പുറത്തുവിട്ടിട്ടില്ല.