
പാക്കിസ്ഥാൻ, അഫ്ഗാൻ സേനകൾ തമ്മിൽ വടക്കുപടിഞ്ഞാറൻ അതിർത്തി പ്രദേശത്ത് ഏറ്റുമുട്ടി. അഫ്ഗാൻ സൈന്യം പ്രകോപനമില്ലാതെ വെടിയുതിർത്തെന്നും, ഇതിനു തക്കതായ മറുപടി നൽകിയെന്നും പാക്കിസ്ഥാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പാക്ക് സൈന്യത്തിന്റെ തിരിച്ചടിയിൽ അഫ്ഗാൻ ടാങ്കുകൾക്കും സൈനിക പോസ്റ്റുകൾക്കും കേടുപാടുകൾ വന്നതായി റിപ്പോർട്ടുകളുണ്ട്. അഫ്ഗാനിലെ ഖോസ്റ്റ് പ്രവിശ്യയിലെ ഡപ്യൂട്ടി പൊലീസ് വക്താവ് ഏറ്റുമുട്ടൽ സ്ഥിരീകരിച്ചു. ഈ ആഴ്ച ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തിയിൽ വെടിവയ്പ്പ് നടക്കുന്നത് രണ്ടാം തവണയാണ്.
അഫ്ഗാൻ സൈന്യവും പാക്കിസ്ഥാൻ താലിബാനും ചേർന്ന് പ്രകോപനമില്ലാതെ ഒരു പാക്കിസ്ഥാൻ പോസ്റ്റിനു നേരെ വെടിയുതിർത്തെന്നാണ് പാക്ക് മാധ്യമങ്ങൾ പറയുന്നത്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ കുർറം ജില്ലയിൽ പാക്ക് സൈന്യം ശക്തമായി തിരിച്ചടിച്ചെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാൻ താലിബാന്റെ പരിശീലന കേന്ദ്രം പാക്ക് സൈന്യം നശിപ്പിച്ചതായും സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
ശനിയാഴ്ച പാക്ക്–അഫ്ഗാൻ സൈന്യങ്ങൾ അതിർത്തിയിൽ ഏറ്റുമുട്ടിയിരുന്നു. ഇരുഭാഗത്തും നാശനഷ്ടങ്ങളുണ്ടായി. നിരവധി സൈനികർ കൊല്ലപ്പെട്ടു. സൗദി അറേബ്യയുടെയും ഖത്തറിന്റെയും അഭ്യർഥനയെ തുടർന്ന് ഞായറാഴ്ച ഏറ്റുമുട്ടൽ അവസാനിച്ചിരുന്നു. പാക്കിസ്ഥാനും അഫ്ഗാനും ഇടയിലുള്ള വഴികൾ അടഞ്ഞു കിടക്കുകയാണ്.