ublnews.com

ബിഎൽഎസിനെ ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

യുഎഇ ഉൾപ്പെടെ നിരവധി രാജ്യങ്ങളിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ അപേക്ഷാ സേവനങ്ങൾക്കുള്ള ഔട്ട്‌സോഴ്‌സിംഗ് ഏജൻസിയായ ബിഎൽഎസ് ഇന്റർനാഷണലിനെ (BLS International), വിദേശകാര്യ മന്ത്രാലയം (MEA) ഭാവി ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി. കമ്പനിയുടെ ഓഹരികളിൽ വലിയ ഇടിവിന് കാരണമായ ഈ നീക്കം, യുഎഇയിലെ പ്രവാസികൾക്കിടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.

വിദേശ കാര്യ മന്ത്രാലയത്തിന്റെ ഭാവി ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് രണ്ട് വർഷത്തേക്കാണ് കമ്പനിയെ വിലക്കിയത്. നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് സമർപ്പിച്ച കത്തിൽ ബിഎൽഎസ് ഇക്കാര്യം സ്ഥിരീകരിച്ചു.

നിലവിലെ വിലക്ക് കമ്പനിയുടെ സാമ്പത്തികമോ മറ്റോ ആയ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് ബിഎൽഎസ് ഇന്റർനാഷണൽ വ്യക്തമാക്കി. യുഎഇയിൽ ഏകദേശം 15 ഇന്ത്യൻ പാസ്‌പോർട്ട്, വിസ അപേക്ഷാ കേന്ദ്രങ്ങൾ ബിഎൽഎസ് ആണ് നിലവിൽ പ്രവർത്തിപ്പിക്കുന്നത്.

“ഈ വിലക്ക് എംഇഎയുമായുള്ള നിലവിലുള്ള കരാറുകളെ ബാധിക്കില്ല, നിലവിലെ വ്യവസ്ഥകൾ അനുസരിച്ച് തുടരും,” കമ്പനി അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഉത്തരവ് നിയമപരമായി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും ബിഎൽഎസ് കൂട്ടിച്ചേർത്തു.

എങ്കിലും, ഭാവിയിൽ ഈ വിലക്ക് യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പ്രധാനമാണ്. യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി ഒരു ഏകീകൃത സേവന കേന്ദ്രം (ICAC) ആരംഭിക്കാൻ അബൂദബിയിലെ ഇന്ത്യൻ എംബസി നേരത്തെ പദ്ധതിയിട്ടിരുന്നു. ഇതിനായുള്ള ലേലത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്ക് കാരണം ബിഎൽഎസ് ഇപ്പോൾ അയോഗ്യരായിരിക്കുകയാണ്.

യുഎഇയിലെ നാല് ദശലക്ഷത്തിലധികം ഇന്ത്യൻ പ്രവാസികൾക്ക് സേവനം നൽകുന്നതിനായി 14 ശാഖകൾ തുടങ്ങാനായിരുന്നു എംബസി നിർദ്ദേശിച്ചിരുന്നത്. ജനുവരി 2022 മുതൽ ഡിസംബർ 2024 വരെയുള്ള കാലയളവിൽ ഏകദേശം 1.58 ദശലക്ഷം സേവനങ്ങൾ കൈകാര്യം ചെയ്യേണ്ടിവരുമെന്നും കണക്കുകൂട്ടിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top