
കുന്നംകുളം മുൻ എംഎൽഎ ബാബു എം. പാലിശ്ശേരി (67) അന്തരിച്ചു. പാർക്കിൻസൺസ് രോഗബാധിതനായി ചികിത്സയിൽ ഇരിക്കെയാണ് മരണം. ശ്വാസതടസ്സത്തെത്തുടർന്ന് രണ്ടുദിവസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുന്നംകുളം കടവല്ലൂർ സ്വദേശിയാണ്. 2006ലും 2011ലും കുന്നംകുളം മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു. സിപിഎം തൃശൂർ ജില്ല മുൻ സെക്രട്ടേറിയറ്റ് അംഗമായിരുന്നു.
ഏരിയ സെക്രട്ടറിയായിരിക്കെയായിരുന്നു നിയമസഭയിലേക്കു ആദ്യം മത്സരിച്ചു ജയിച്ചത്. ഡിവൈഎഫ്ഐയിലൂടെ രാഷ്ട്രീയരംഗത്ത് എത്തി. ജില്ലാ സെക്രട്ടറിയായും സംസ്ഥാന നിർവാഹക സമിതി അംഗമായും പ്രവർത്തിച്ചു. ആന തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റായിരുന്നു. ഗ്രന്ഥശാല സംഘം ജില്ലാ പ്രസിഡന്റ്, കലാമണ്ഡലം സിൻഡിക്കറ്റ് അംഗം, ജവാഹർ ബാലഭവൻ ഡയറക്ടർ, ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: ഇന്ദിര. മക്കൾ: അശ്വതി, അഖിൽ.