
ദീപാവലിയോടനുബന്ധിച്ച് സന്ദര്‍ശക സമയക്രമവും മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ച് ബാപ്സ് ഹിന്ദു മന്ദിര്‍. ആയിരക്കണക്കിന് സന്ദര്‍ശകര്‍ ദീപാവലി വേളയില്‍ ക്ഷേത്രത്തിലെത്തുമെന്നതിനാല് ഒരുക്കം അധികൃതര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. സാധാരണ തിങ്കളാഴ്ചകളില്‍ പൊതുജനങ്ങളെ ക്ഷേത്ര സന്ദര്‍ശനത്തിന് അനുവദിക്കാറില്ലെങ്കിലും ദീപാവലി കണക്കിലെടുത്ത് ഒക്ടോബര്‍ 20 തിങ്കള്‍ സന്ദര്‍ശനത്തിന് അനുമതിയുണ്ട്.
അന്നേദിവസം, രാവിലെ 7.30 മുതല്‍ രാത്രി 8.30 വരെ ദീപാവലി പൂജകളുണ്ടാവും. വിശ്വാസികള്‍ക്കും സന്ദര്‍ശകര്‍ക്കും രാത്രി ഒമ്പതു വരെ ക്ഷേത്രത്തിലെത്താവുന്നതാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14ന് തുറന്ന ക്ഷേത്രത്തില്‍ ഇതിനകം രണ്ടു കോടിയിലേറെ പേര് സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. പൊതുഅവധി ദിവസങ്ങളില്‍ മുപ്പതിനായിരത്തിലേറെ പേരും വാരാന്ത്യങ്ങളില്‍ 15000 മുതല്‍ 18000 വരെ ആളുകളും എത്താറുണ്ട്. വെബ്സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്തുവേണം ക്ഷേത്രത്തിലെത്താന്‍. ഇതോടെ പ്രവേശന പാസോടു കൂടിയ ഒരു ക്യു.ആര് കോഡ് ലഭിക്കും. ഇത് തിരിച്ചറിയല്‍ കാര്‍ഡോ മറ്റ് രേഖയോ കാണിച്ച് വെരിഫൈ ചെയ്യുകയും ചെയ്യും.