
ഇസ്രയേലിന്റെ ആക്രമണത്തിൽ തകർന്നടിഞ്ഞ ഗാസയുടെ പുനർനിർമാണത്തിന് ബൃഹത്തായ പദ്ധതിയുമായി യുഎഇ ശതകോടീശ്വരനും അൽ ഹബ്തൂർ ഗ്രൂപ്പ് ചെയർമാനുമായ ഖലഫ് അഹ്മദ് അൽ ഹബ്തൂർ. പുനർനിർമാണത്തിനായി അൽ ഹബ്തൂർ ഗ്രൂപ്പിനെയും യുഎഇയെയും ചുമതലപ്പെടുത്തണം എന്നാവശ്യപ്പെട്ട് അദ്ദേഹം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തുറന്ന കത്ത് എഴുതി.
സമാധാന കരാറിന് ട്രംപ് മധ്യസ്ഥത വഹിച്ചതിലൂടെ അദ്ദേഹം സമാധാനത്തിൽ വിശ്വസിക്കുന്നു എന്ന് തെളിയിച്ചതായും യുദ്ധത്തിന്റെ ചാരത്തിൽ നിന്ന് ഗാസയെ ഉയർത്തെഴുന്നേൽപ്പിക്കാൻ ഇതൊരു അവസരമാണെന്നും കത്തിൽ പറയുന്നു. ഗാസയ്ക്ക് ഇന്ന് ആവശ്യം മുദ്രാവാക്യങ്ങളല്ല, മറിച്ച് ഒരു യഥാർഥ ജീവിത പദ്ധതിയാണ്. പ്രസംഗങ്ങളല്ല, പ്രവർത്തിക്കാനുള്ള മനസ്സാണ്. നിർമാണമാണ് സമാധാനത്തിന്റെ ഏറ്റവും ഉദാത്തമായ രൂപമെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും അൽ ഹബ്തൂർ പരഞ്ഞു.
സമാധാന ഉടമ്പടിക്ക് ശേഷം ഗാസയുടെ പുനർനിർമാണത്തിന്റെ മേൽനോട്ടം വഹിക്കാൻ ഒരു ‘ട്രാൻസിഷണൽ ഗാസ അതോറിറ്റി’ക്ക് ട്രംപ് രൂപം നൽകാൻ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് ഈ കത്ത്. ഈ സുപ്രധാന ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഏറ്റവും കഴിവുള്ളത് യുഎഇയിലെ ബിസിനസ് സ്ഥാപനങ്ങൾക്കാണെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. ഞങ്ങളുടെ വിജയം കേവലം സിദ്ധാന്തമല്ല; അത് യഥാർഥവും ദൃശ്യവും അളക്കാൻ കഴിയുന്നതുമാണ്, യുഎഇയിൽ സങ്കീർണവും അതിമഹത്തായതുമായ പല പദ്ധതികളും കൃത്യസമയത്ത് പൂർത്തിയാക്കിയ അൽ ഹബ്തൂർ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. വാൾഡോർഫ് അസ്‌റ്റോറിയ, വി ഹോട്ടൽ തുടങ്ങിയ ആഡംബര സ്ഥാപനങ്ങളുടെ ഉടമകളും ഓപറേറ്റർമാരുമാണ് ഈ ഗ്രൂപ്പ്. മിത്സുബിഷി, ബെന്റ്‌ലി, ബുഗാട്ടി തുടങ്ങിയ കാർ ബ്രാൻഡുകളുടെ വിതരണവും ഗ്രൂപ്പിനാണ്.