
ദുബായ്: പ്രവാസി മലയാളികൾക്കായി സംസ്ഥാന സർക്കാരും നോർക്ക റൂട്സും ചേർന്ന് ആവിഷ്കരിച്ച നോർക്ക കെയർ ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിക്ക് ഇന്ത്യൻ സംഘടനകളുടെ പിന്തുണ. സാധ്യമാകുന്ന രീതിയിൽ പദ്ധതിക്കു പ്രചാരം നൽകാമെന്നും അംഗമാക്കാമെന്നും അംഗീകൃത ഇന്ത്യൻ സംഘടനാ ഭാരവാഹികൾ നോർക്ക സംഘത്തിന് ഉറപ്പു നൽകി.പദ്ധതിയുടെ പ്രഖ്യാപനവും ലോഗോ പ്രകാശനവും നടന്ന അബുദാബി-അൽഐൻ മേഖലാ സംഘടനാ ഭാരവാഹികളുടെ യോഗത്തിലായിരുന്നു പ്രവാസികളുടെ പിന്തുണ അറിയിച്ചത്. പദ്ധതിയെക്കുറിച്ചുള്ള ചോദ്യോത്തര വേളകളിൽ പിന്തുണയ്ക്കൊപ്പം ആശങ്കകളും പ്രവാസി മലയാളികൾ പങ്കുവച്ചു.
നോർക്ക പ്രവാസി അംഗത്വം എടുക്കുന്നവർക്കു മാത്രമേ ആരോഗ്യ ഇൻഷുറൻസിൽ ചേരാൻ സാധിക്കൂ. അംഗങ്ങളെ ചേർക്കുന്നതിന് അംഗീകൃത സംഘടനകൾക്കു യൂസർ ഐഡിയും പാസ്വേർഡും നേരിട്ടു നൽകും. അംഗീകാരമില്ലാത്ത സംഘടനകൾ മുന്നോട്ടു വരികയാണെങ്കിൽ താൽക്കാലിക യൂസർ ഐഡിയും പാസ്വേർഡും നൽകുമെന്നും നോർക്ക റൂട്സ് സിഇഒ അജിത് കൊളശ്ശേരി പറഞ്ഞു. നിലവിൽ 3 ലക്ഷത്തോളം പേർ അംഗങ്ങളാണ്. അവർക്കു പോളിസിയിൽ ചേരുന്നതിനു തടസ്സമില്ല. 3 വർഷമാണ് നോർക്ക കാർഡിന്റെ കാലാവധി. ഓൺലൈനായി പുതുക്കാനും സംവിധാനമുണ്ട്. അംഗത്വ മാസാചരണമായി ആചരിച്ച ജൂലൈയിൽ 12,000 പേർ അംഗത്വമെടുത്തതായും സൂചിപ്പിച്ചു. അംഗത്വമെടുത്തവർക്കു നോർക്ക കെയർ ആപ്പിലൂടെ ഓൺലൈനായി പണമടച്ച് ഇൻഷുറൻസ് പദ്ധതിയിൽ ചേരാം. അംഗത്വത്തിന് അപേക്ഷിച്ചാൽ ദിവസങ്ങൾക്കകം ഇ-കാർഡ് ലഭിക്കും. പദ്ധതിയിൽ ചേരാൻ ഇതു മതിയാകും. ഫിസിക്കൽ ഐഡി പിന്നീടു ബന്ധപ്പെട്ട വിലാസത്തിൽ ലഭിക്കും.
5 ലക്ഷം രൂപയുടെ പണരഹിത ചികിത്സ ലഭിക്കുന്നതും ഏറ്റവും കുറഞ്ഞ പ്രീമിയമുള്ളതുമാണ് പദ്ധതി. ഇന്ത്യയിലെ 14,200 ആശുപത്രികളിൽ ചികിത്സ തേടാം. നിലവിൽ അംഗത്വമെടുക്കുന്ന പ്രവാസിയുടെ ജീവിത പങ്കാളി, മക്കൾ എന്നിവരെയാണു പദ്ധതിയിൽ ഉൾപ്പെടുത്താനാവുക.