
ഗാസയില്‍ ഹമാസും സായുധരായ ഗോത്ര അംഗങ്ങളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 27 പേര് കൊല്ലപ്പെട്ടു. ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ഭാഗിക പിന്മാറ്റത്തിനു പിന്നാലെയാണ് പുതിയ സംഭവവികാസങ്ങൾ. ദുഗ്മുഷ് ഗോത്രത്തിലെ സായുധരായ അംഗങ്ങളുമായിട്ടാണ് ഹമാസ് സംഘര്‍ഷത്തിലേര്‍പ്പെട്ടത്.
ഗാസ നഗരത്തിലെ ജോര്‍ദാനിയന്‍ ആശുപത്രിക്ക് സമീപം മുഖംമൂടി ധരിച്ച ഹമാസ് ആയുധധാരികള്‍ ഗോത്ര പോരാളികളുമായി വെടിവയ്പ്പ് നടത്തിയതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
സംഘര്‍ഷത്തില്‍ തങ്ങളുടെ എട്ട് അംഗങ്ങള്‍ കൊല്ലപ്പെട്ടതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദുഗ്മുഷ് ഗോത്രത്തിലെ 19 അംഗങ്ങളും കൊല്ലപ്പെട്ടു.
തെക്കന്‍ ഗാസ സിറ്റിയിലെ തല്‍ അല്‍-ഹവാ പരിസരത്ത്, ദുഗ്മുഷ് അംഗങ്ങൾ തമ്പടിച്ചിരുന്ന ഒരു പാര്‍പ്പിട സമുച്ചയം ആക്രമിക്കാന്‍ 300-ല്‍ അധികം വരുന്ന ഹമാസ് സേനാംഗങ്ങള്‍ നീങ്ങിയതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.
ഗാസയിലെ ഏറ്റവും പ്രമുഖ ഗോത്രങ്ങളിലൊന്നായ ദുഗ്മുഷ് ദീര്‍ഘകാലമായി ഹമാസുമായി സംഘര്‍ഷത്തിലാണ്. ഈ ഗോത്രത്തിലെ അംഗങ്ങള്‍ മുന്‍പും പലതവണ ഹമാസുമായി ഏറ്റുമുട്ടിയിട്ടുണ്ട്.
തങ്ങള്‍ ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിരോധത്തിന്റെ ചട്ടക്കൂടിന് പുറത്തുള്ള ഏതൊരു സായുധ പ്രവര്‍ത്തനവും കര്‍ശനമായി നേരിടുമെന്നും ഹമാസ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഇസ്രായേലി ആക്രമണത്തില്‍ അല്‍-സബ്ര പരിസരത്തെ വീടുകള്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് ദുഗ്മുഷ് ഗോത്രത്തിലുള്ളവർ മുന്‍പ് ജോര്‍ദാനിയന്‍ ആശുപത്രിയായി പ്രവര്‍ത്തിച്ചിരുന്ന ഒരു കെട്ടിടത്തിലേക്ക് താമസം മാറ്റിയത്.