ublnews.com

ജൈടെക്സിന് ദുബായിൽ തുടക്കം; ഒഴുകിയെത്തി പതിനായിരങ്ങൾ

ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ പ്രദർശനമായ ജൈറ്റെക്സ് ഗ്ലോബൽ 2025ന് ദുബായിൽ തുടക്കമായി. ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് 45-ാമത് പ്രദർശനം. ആഗോള തലത്തിൽ നിർണായകമായ സാങ്കേതിക സംഗമം, വമ്പൻ രാജ്യങ്ങളുടെയും അതികായരായ കമ്പനികളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ്. 180-ലേറെ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും തീരുമാനമെടുക്കുന്നവരും ഈ വർഷത്തെ ജൈറ്റെക്സിൽ അണിനിരക്കുന്നു.

യുഎഇ, ഇന്ത്യ, ചൈന, യുഎസ്എ, യുകെ, സൗദി, യൂറോപ്യൻ രാജ്യങ്ങൾ, ദക്ഷിണ കൊറിയ, ജപാൻ തുടങ്ങി ലോകത്തിന്റെ നാനാഭാഗത്തു നിന്നുള്ള സാങ്കേതിക ശക്തികൾ ഇവിടെ ഒത്തുചേരുന്നു. 6,000ലേറെ കമ്പനികളാണ് ഈ വർഷം ഉൽപന്നങ്ങളും സേവനങ്ങളുമായി എത്തിയിട്ടുള്ളത്. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഹുവായ്, നോക്കിയ തുടങ്ങിയ ആഗോള ഭീമന്മാർ മുതൽ നൂതന ആശയങ്ങളുമായി വരുന്ന 1,800 സ്റ്റാർട്ടപ്പുകൾ വരെ ഇതിൽ ഉൾപ്പെടുന്നു. സാങ്കേതിക രംഗത്തെ അതികായന്മാരും സർക്കാർ പവലിയനുകളും പ്രദർശനത്തിനുണ്ട്.

1,80,000-ലേറെ സാങ്കേതിക വിദഗ്ധർ, നിക്ഷേപകർ, വ്യവസായ പ്രമുഖർ എന്നിവർ ഈ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ജൈറ്റെക്സ് ഗ്ലോബൽ കേവലം ഒരു പ്രദർശനം എന്നതിലുപരി, ഒട്ടേറെ ഉപമേളകളുടെയും ഉന്നതതല ഉച്ചകോടികളുടെയും സംഗമവേദിയാണ്. നിർമിത ബുദ്ധി(എഐ)യുടെ ഭാവി ചർച്ച ചെയ്യുന്നതും എഐ അധിഷ്ഠിത ഉൽപന്നങ്ങളുടെ പ്രദർശനവും ഇവിടെ നടക്കുന്നു. ഐ, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറുകൾക്ക് കരുത്ത് പകരുന്ന ഡേറ്റ സെന്ററുകൾ, ഗ്രീൻ കംപ്യൂട്ടിങ് എന്നിവയുടെ സാധ്യതകൾ ചർച്ച ചെയ്യും. സാമ്പത്തിക സാങ്കേതികവിദ്യയിലെ പുതിയ ട്രെൻഡുകളായ വെബ്3, സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികൾ, ഓപൺ ബാങ്കിങ് തുടങ്ങിയവ ഇവിടെ ശ്രദ്ധാകേന്ദ്രമാകും.

ടെക്നോളജി, ഹെൽത്ത് കെയർ, ഫൂഡ് ആൻഡ് ബിവറേജസ്, ഫിനാൻഷ്യൽ സർവീസസ്, എനർജി, റിയൽ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളിലെ സാങ്കേതിക മാറ്റങ്ങൾക്ക് ജിടെക്സ് 2025 സാക്ഷ്യം വഹിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top