
രാജ്യത്ത് ഫെഡറൽ അതോറിറ്റി ഫോർ ആംബുലൻസ് ആൻഡ് സിവിൽ ഡിഫൻസ് എന്ന പേരിൽ പുതിയ സർക്കാർ സ്ഥാപനം നിലവിൽ വന്നു. മന്ത്രിസഭ കാബിനറ്റിന് നേരിട്ട് റിപ്പോർട്ട് ചെയ്യേണ്ട ഈ അതോറിറ്റിയുടെ ചെയർമാനായി ആരോഗ്യമന്ത്രി അഹമ്മദ് അലി അൽ സയേഗിനെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിയമിച്ചു.
പുതിയ അതോറിറ്റി നിലവിൽ വരുന്നതോടെ നാഷനൽ ഗാർഡ് കമാൻഡ് ആൻഡ് സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും നാഷനൽ ആംബുലൻസ് കമ്പനിയുടെയും ചുമതലകൾ ഇതിലേക്ക് മാറും. അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസ് സേവനങ്ങളും അതിവേഗ പ്രതികരണവും ഉറപ്പാക്കുക, അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുക എന്നിവയെല്ലാം അതോറിറ്റിയുടെ പ്രധാന കർത്തവ്യങ്ങളാണ്. കൂടാതെ, ആംബുലൻസ്, സിവിൽ ഡിഫൻസ് മേഖലകളിലെ നയരേഖകളും നിയമനിർമാണങ്ങളും തയ്യാറാക്കാനുള്ള ചുമതലയുമുണ്ട്.
കെട്ടിടങ്ങൾക്കും സ്ഥാപനങ്ങൾക്കും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും അഗ്നിശമന സംവിധാനങ്ങളും വികസിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുക, പൊതുജനങ്ങൾക്ക് അപകട സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിനുള്ള പൊതുജാഗ്രതാ സംവിധാനം ഏർപ്പെടുത്തുക എന്നിവയും പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.ഉദ്യോഗസ്ഥർക്കായി ആംബുലൻസ്, സിവിൽ ഡിഫൻസ് രംഗങ്ങളിൽ പരിശീലന പരിപാടികളും മോക്ക് ഡ്രില്ലുകളും നടത്തുക, മേഖലയുമായി ബന്ധപ്പെട്ട വിവരങ്ങളുടെയും ഡാറ്റയുടെയും സമഗ്രമായ ഡാറ്റാബേസ് സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യുക തുടങ്ങിയവയും അതോറിറ്റിയുടെ കീഴിൽ വരും. രാജ്യത്തെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തി പകരുന്ന സുപ്രധാന തീരുമാനമായാണ് ഇതിനെ വിലയിരുത്തുന്നത്.