
രാജ്യത്ത് പല ഭാഗങ്ങളിലും ഞായറാഴ്ചയും ശക്തവും ഭാഗികമായും മഴ ലഭിച്ചു. ദുബൈ, ഷാർജ, അബൂദബി, റാസൽഖൈമ എമിറേറ്റുകളിലാണ് ഞായറാഴ്ച മഴ ലഭിച്ചത്. റാസൽഖൈമയിൽ അല്‍ഗൈല്‍, അദന്‍, ഹംറാനിയ, വിമാനത്താവള പരിസരം തുടങ്ങിയിടങ്ങളില്‍ ഉച്ചക്ക് രണ്ട് മണിയോടെ മഴ പെയ്തു. റാസല്‍ഖൈമയിലെ പ്രധാന കാര്‍ഷിക മേഖലയായ ഹംറാനിയയില്‍ മഴ ലഭിച്ചത് കര്‍ഷകരില്‍ ആശ്വാസമേകി. മഴയുടെ ദൃശ്യങ്ങൾ എൻ.സി.എം സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ പങ്കുവെച്ചിട്ടുണ്ട്. ദുബൈയിൽ വൈകിട്ട് ആറുമണിയോടെയാണ് മഴ ആരംഭിച്ചത്.
അസ്ഥിര കാലാവസ്ഥ തുടരുന്നതിനാൽ വരുംദിവസങ്ങളിലും മഴ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) മുന്നറിയിപ്പ് നൽകി. പുതുതായി രൂപപ്പെട്ട ന്യൂനമർദം മൂലമാണ് മഴ തുടരുന്നത്.
വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടി മഴക്ക് സാധ്യതയുണ്ടെന്നാണ് എൻ.സി.എം ഞായറാഴ്ച പുറത്തുവിട്ട മുന്നറിയിപ്പിൽ നൽകുന്ന സൂചന. രാജ്യത്തിന്റെ മധ്യ മേഖലകളിലും പടിഞ്ഞാറൻ പ്രദേശങ്ങളിലുമാകും ശക്തമായ മഴക്ക് സാധ്യതയെന്നാണ് എൻ.സി.എം വ്യക്തമാക്കുന്നത്.
പൊതുവെ നേരിയതോ മിതമായതോ ആയ രീതിയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ചില നേരങ്ങളിൽ കാറ്റ് ശക്തമാകാം. ഇത് റോഡിലെ ദൃശ്യപരത കുറക്കാൻ ഇടയാക്കുമെന്നതിനാൽ യാത്രക്കാർ സൂക്ഷിക്കണം. അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ എൻ.സി.എം സുരക്ഷ നിർദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. ശക്തമായ മഴയോ ഇടമിന്നലോ ഉള്ള സമയങ്ങളിൽ താഴ്വാരങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിലും യാത്ര ചെയ്യുന്നവർ ജാഗ്രത പുലർത്തണം.
ഇടിമിന്നൽ സമയങ്ങളിൽ തുറസ്സായതോ ഉയർന്നതോ ആയ സ്ഥലങ്ങളിൽ വിട്ടുനിൽക്കണമെന്നും എൻ.സി.എം അഭ്യർഥിച്ചു.