
അഫ്ഗാനിസ്താന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുത്താക്കിയുടെ വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനംനിഷേധിച്ച സംഭവത്തില്‍ പ്രതികരിച്ച് കേന്ദ്രസര്‍ക്കാര്‍. അഫ്ഗാന്‍ വിദേശകാര്യമന്ത്രി ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന് യാതൊരു പങ്കുമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വാര്‍ത്താസമ്മേളനത്തിലേക്ക് മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞെടുത്തത് മുംബൈയിലെ അഫ്ഗാനിസ്താന്റെ കോണ്‍സുല്‍ ജനറലാണെന്നും വാര്‍ത്താസമ്മേളനം നടന്ന അഫ്ഗാന്‍ എംബസി പ്രദേശം ഇന്ത്യന്‍സര്‍ക്കാരിന്റെ അധികാരപരിധിക്കുള്ളില്‍ വരില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
വെള്ളിയാഴ്ച ന്യൂഡല്‍ഹിയിലെ അഫ്ഗാനിസ്താന്‍ എംബസിയിലായിരുന്നു മുത്താക്കിയുടെ വാര്‍ത്താസമ്മേളനം. വാര്‍ത്താസമ്മേളനത്തില്‍നിന്ന് വനിതകളെ ഒഴിവാക്കിയ നടപടിക്കെതിരേ അതിരൂക്ഷവിമര്‍ശനമാണ് ഇതിനകം ഉയര്‍ന്നിട്ടുള്ളത്. ടിഎംസി എംപി മഹുവാ മൊയിത്ര, കോണ്‍ഗ്രസ് എംപി പ്രിയങ്കാ ഗാന്ധി വാദ്ര, പി. ചിദംബരം തുടങ്ങിയ രാഷ്ട്രീയപ്രവര്‍ത്തകരും നിരവധി മാധ്യമപ്രവര്‍ത്തകരും ഇതിനെതിരേ രംഗത്തെത്തിയിരുന്നു.