ublnews.com

താലിബാൻ മന്ത്രിയുടെ വനിതാ വിലക്ക് ; രൂക്ഷമായി പ്രതികരിച്ച് രാഹുൽ ഗാന്ധി

താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി നടത്തിയ വാർത്താസമ്മേളനത്തിൽനിന്ന് വനിതാ മാധ്യമപ്രവർത്തകരെ വിലക്കിയതിൽ രൂക്ഷമായി പ്രതികരിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ‘അവർക്കൊപ്പം നിൽക്കാൻ പറ്റാത്ത വളരെ ദുർബലനാണെന്ന് ഇന്ത്യയിലെ ഓരോ സ്ത്രീകളോടും നിങ്ങൾ പറയുകയാണ്.’ മോദിയെ ലക്ഷ്യംവച്ച് രാഹുൽ പറഞ്ഞു.

‘മിസ്റ്റർ മോദി, ഒരു പൊതുവേദിയിൽനിന്ന് വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കാൻ നിങ്ങൾ അനുവദിക്കുമ്പോൾ, അവർക്കുവേണ്ടി നിലകൊള്ളാൻ നിങ്ങൾ വളരെ ദുർബലനാണെന്ന് ഇന്ത്യയിലെ ഓരോ സ്ത്രീയോടും നിങ്ങൾ പറയുകയാണ്.’ രാഹുൽ എക്‌സിൽ കുറിച്ചു.

‘നമ്മുടെ രാജ്യത്ത് എല്ലാ മേഖലകളിലും സ്ത്രീകൾക്ക് തുല്യപങ്കാളിത്തത്തിന് അവകാശമുണ്ട്. ഇത്തരമൊരു വിവേചനത്തിന് മുന്നിൽ നിങ്ങളുടെ മൗനം നാരീശക്തിയെക്കുറിച്ചുള്ള നിങ്ങളുടെ മുദ്രാവാക്യങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നു.’ രാഹുൽ കൂട്ടിച്ചേർത്തു.

ആരോപണങ്ങൾ നിഷേധിച്ച ബിജെപി, രാഹുലിനെ പാകിസ്താന്റെ ഏറ്റവും നല്ല സുഹൃത്തെന്ന് വിളിക്കുകയും ചെയ്തു. ‘വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് രാഹുൽ ഗാന്ധി വീണ്ടും പാകിസ്താന് വേണ്ടി ബാറ്റ് ചെയ്യുകയാണ്!’ ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.

ലോക്സഭാ അംഗമായ പ്രിയങ്ക ഗാന്ധിയും വിഷയത്തിൽ പ്രതികരിച്ചു. സർക്കാരിന്റെ നിലപാട് വ്യക്തമാക്കാൻ അവർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദി ജി, താലിബാൻ പ്രതിനിധിയുടെ ഇന്ത്യാ സന്ദർശനത്തിനിടെയുള്ള വാർത്താസമ്മേളനത്തിൽ നിന്ന് വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയതിലുള്ള നിങ്ങളുടെ നിലപാട് വ്യക്തമാക്കുക.’ അവർ എക്സിൽ കുറിച്ചു.

മുൻ ആഭ്യന്തരമന്ത്രി പി. ചിദംബരം ഞെട്ടൽ രേഖപ്പെടുത്തി. ‘അഫ്ഗാനിസ്ഥാൻ പ്രതിനിധി ശ്രീ. അമീർ ഖാൻ മുത്തഖി നടത്തിയ വാർത്താസമ്മേളനത്തിൽനിന്ന് വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയതിൽ ഞാൻ ഞെട്ടിപ്പോയി. തങ്ങളുടെ വനിതാ സഹപ്രവർത്തകരെ ഒഴിവാക്കിയെന്നോ (അല്ലെങ്കിൽ ക്ഷണിച്ചില്ലെന്നോ) മനസ്സിലാക്കിയപ്പോൾ പുരുഷ മാധ്യമപ്രവർത്തകർ ഇറങ്ങിപ്പോകേണ്ടതായിരുന്നു എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.’ ചിദംബരം കുറിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top