ublnews.com

കൊൽക്കത്തയിൽ എംബിബിഎസ് വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി

ബംഗാളിലെ ദുർഗാപുരിലെ സ്വകാര്യ മെഡിക്കൽ കോളജിനു സമീപം വെള്ളിയാഴ്ച രാത്രി ഒഡീഷയിൽ നിന്നുള്ള രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി. ഒഡീഷയിലെ ജലേശ്വർ‌ സ്വദേശിനിയായ വിദ്യാർഥിനി പുരുഷ സുഹൃത്തിനൊപ്പം പുറത്തുപോയപ്പോൾ, കോളജിന്റെ ഗേറ്റിനു സമീപം അജ്ഞാതർ‌ ഇരുവരെയും തടഞ്ഞുനിർത്തുകയായിരുന്നു. രാത്രി എട്ടരയോടെയാണ് സംഭവം. യുവതിയെ ബലം പ്രയോഗിച്ച് സമീപത്തെ കാട്ടിലേക്ക് കൊണ്ടുപോയാണ് ബലാത്സംഗം ചെയ്തത്. പെൺകുട്ടിയുടെ സുഹൃത്ത് ഓടിപ്പോയെന്നും, അയാൾക്കും ഇതിൽ പങ്കുണ്ടെന്നു സംശയമുണ്ടെന്നും പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു.

സുഹൃത്ത് പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ചതായും ഒഴിഞ്ഞ സ്ഥലത്തേക്ക് മനപൂർവം കൊണ്ടുപോയത് ആണെന്നുമാണ് പിതാവ് പരാതിയിൽ പറയുന്നത്. അക്രമികൾ മകളുടെ മൊബൈൽ ഫോൺ തട്ടിയെടുത്തതായും അവളിൽ നിന്ന് 5,000 രൂപ കൈപ്പറ്റിയതായും അദ്ദേഹം പറഞ്ഞു. ദുർഗാപുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിനിയുടെ ആരോഗ്യനില ഗുരുതരമാണ്. അന്വേഷണം ആരംഭിച്ചതായും ഇരയുടെ സുഹൃത്ത് ഉൾപ്പെടെ നിരവധി പേരെ ചോദ്യം ചെയ്യാൻ തുടങ്ങിയതായും പൊലീസ് പറഞ്ഞു. ഇരയുടെ മൊഴി രേഖപ്പെടുത്തി. സംസ്ഥാന ആരോഗ്യ വകുപ്പ് കോളജിൽ നിന്ന് റിപ്പോർട്ട് തേടി. ദേശീയ വനിതാ കമ്മിഷൻ അംഗങ്ങൾ ആശുപത്രി സന്ദർ‌ശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top