ublnews.com

യുക്രൈനിൽ റഷ്യൻ ആക്രമണം; കീവിന്റെ വലിയ ഭാഗം ഇരുട്ടിൽ

ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് യുക്രെയ്ന്റെ ഊർജ കേന്ദ്രങ്ങളിൽ റഷ്യ ശക്തമായ ആക്രമണം നടത്തിയതിനെ തുടർന്ന് തലസ്ഥാനമായ കീവിന്റെ വലിയൊരു ഭാഗം ഇരുട്ടിലായി. വൈദ്യുതിയും വെള്ളവും മുടങ്ങി. ഡിനിപ്രോ നദിക്ക് കുറുകെയുള്ള പ്രധാന മെട്രോയുടെ പ്രവർത്തനം നിലച്ചു. ശൈത്യകാലം അടുത്തതോടെ, ഊർജ സംവിധാനത്തെ ലക്ഷ്യമിട്ടുള്ള റഷ്യൻ ആക്രമണത്തിൽ 9 മേഖലകളിൽ വൈദ്യുതി തടസ്സപ്പെട്ടു. രാജ്യത്തുടനീളം 8,54,000 ഉപഭോക്താക്കൾക്ക് വൈദ്യുതി നഷ്ടപ്പെട്ടു. ഇതുവരെയുണ്ടായതിൽ ഏറ്റവും കനത്ത ആക്രമണമാണിതെന്ന് യുക്രെയ്ൻ അധികൃതർ പറഞ്ഞു.

തെക്ക്-കിഴക്കൻ യുക്രെയ്‌നിൽ വീടിനു നേരെയുണ്ടായ ആക്രമണത്തിൽ 7 വയസ്സുകാരൻ കൊല്ലപ്പെട്ടു. 20 പേർക്ക് പരുക്കേറ്റു. കീവിൽ നഗരമധ്യത്തിലെ ഒരു കെട്ടിടത്തിനു നേരെ ഷെല്ലാക്രമണമുണ്ടായി. ഊർജ സംവിധാനത്തിന് നേരെയുള്ള ആക്രമണങ്ങൾ റഷ്യ ശക്തമാക്കിയതോടെ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താൻ പ്രാദേശിക അധികൃതർ ബുദ്ധിമുട്ടുകയാണ്. സാധാരണ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും ഊർജ സംവിധാനവുമാണ് റഷ്യയുടെ പ്രധാന ലക്ഷ്യമെന്ന് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി സമൂഹമാധ്യമത്തിൽ കുറിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top