
പാക്കിസ്ഥാൻ സൈന്യം അഫ്ഗാൻ വ്യോമാതിർത്തി ലംഘിച്ചതായി താലിബാൻ സർക്കാർ. അഫ്ഗാൻ–പാക്ക് അതിർത്തിക്ക് സമീപമുള്ള ചന്തയിൽ പാക്കിസ്ഥാൻ ബോംബിട്ടതായി സർക്കാർ പ്രതിനിധികൾ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. തലസ്ഥാനമായ കാബൂളിൽ ‘അതിക്രമിച്ചു’ കയറിയതായും താലിബാൻ സർക്കാർ പറഞ്ഞു. കാബൂളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ചില മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പാക്കിസ്ഥാൻ ആക്രമണം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖി ഇന്ത്യയിൽ സന്ദർശനം നടത്തുന്നതിനിടെയാണ് ആക്രമണം. ആക്രമണത്തെ മുത്താഖി അപലപിച്ചു. കാബൂളിൽ സ്ഫോടന ശബ്ദം കേട്ടതായും എന്നാൽ നാശനഷ്ടമില്ലെന്നും അഫ്ഗാൻ സർക്കാർ വക്താവ് വ്യക്തമാക്കി. കാര്യങ്ങൾ വഷളാകുകയാണെങ്കിൽ അതിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാൻ സൈന്യത്തിനായിരിക്കുമെന്ന് അഫ്ഗാൻ സർക്കാർ അറിയിച്ചു. അതിർത്തി ലംഘിച്ച പാക്ക് നടപടിയെ സർക്കാർ അപലപിച്ചു.