
ഏഷ്യാകപ്പ് ക്രിക്കറ്റിൽ ജേതാക്കളായ ഇന്ത്യൻ ടീമിന് കിരീടം നൽകാത്തത് സംബന്ധിച്ച വിവാദം പുകയുന്നു. ഇതുവരെ ഇന്ത്യൻ ടീമിന് കിരീടം നൽകാൻ സംഘാടകർ തയ്യാറായിട്ടില്ല. ദുബായിലെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ഹെഡ്ക്വാർട്ടേഴ്സിലാണ് കിരീടമുള്ളതെന്നാണ് പുറത്തുവരുന്ന വിവരം. ട്രോഫി അവിടെനിന്ന് മാറ്റുകയോ കൈമാറുകയോ ചെയ്യരുതെന്ന കർശനനിർദേശം പാക് മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ചെയർമാനുമായ മൊഹ്സിന്‍ നഖ്‌വി നൽകിയതായാണ് റിപ്പോർട്ട്.
ട്രോഫി ദുബായിലെ എസിസി ഓഫീസിൽ പൂട്ടി വെച്ച നിലയിലാണെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. നഖ്‌വിയുടെ അനുമതിയും നേരിട്ടുള്ള സാന്നിധ്യവുമില്ലാതെ അത് മാറ്റുകയോ ആർക്കും കൈമാറുകയോ ചെയ്യരുതെന്നാണ് നിർദ്ദേശമെന്നും നഖ്‌വിയുമായി അടുത്ത വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു. താൻ നേരിട്ടെത്തി മാത്രമേ ഇന്ത്യൻ ടീമിനോ ബിസിസിഐക്കോ ട്രോഫി കൈമാറുകയുള്ളൂ എന്നാണ് നഖ്‌വി നിർദേശിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഫൈനലില്‍ പാകിസ്താനെ വ്യക്തമായ മാര്‍ജിനില്‍ പരാജയപ്പെടുത്തിയതിന് ശേഷമാണ് വിവാദസംഭവങ്ങൾ അരങ്ങേറുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാക് മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ചുമതല കൂടി വഹിക്കുന്ന പിസിബി മേധാവിയും കൂടിയായ മൊഹ്സിന്‍ നഖ്‌വിയില്‍ നിന്ന് ട്രോഫി വാങ്ങാന്‍ വിസമ്മതിച്ചിരുന്നു