
ഗസ്സയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നുവെന്ന് ഇസ്രായേൽ സൈന്യം. കരാർ പ്രകാരമുള്ള മേഖലകളിലേക്ക് ഇസ്രായേൽ സൈന്യം മാറിയെന്നും പ്രതിരോധസേന അറിയിച്ചു. ടെലിഗ്രാമിലൂടെയാണ് ഐ.ഡി.എഫിന്റെ അറിയിപ്പ്. പ്രാദേശിക സമയം 12 മണിയോടെയാണ് ഇസ്രായേലിന്റെ പിന്മാറ്റമുണ്ടായത്.
അടിയന്തരമായുണ്ടാവുന്ന പ്രദേശത്തെ ഭീഷണികൾ നേരിടാൻ സതേൺ കമാൻഡിനെ വിന്യസിച്ചിട്ടുണ്ടെന്നും ഐ.ഡി.എഫ് അറിയിച്ചു. നിലവിൽ ഗസ്സയിലെ 53 ശതമാനം പ്രദേശങ്ങളുടെ നിയന്ത്രണം ഇസ്രായേലിനാണ്. അടുത്ത 72 മണിക്കൂറിനുള്ളിൽ ബന്ദിമോചനം അടക്കമുള്ള കരാറിലെ മറ്റ് വ്യവസ്ഥകൾ ഹമാസ് പാലിക്കും. ഫലസ്തീനിയൻ തടവുകാരെ ഇസ്രായേലും വിട്ടയക്കും.