
വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ഇന്ത്യ ശക്തമായ നിലയിൽ. ആദ്യ ദിനം അവസാനിക്കുമ്പോൾ ഒന്നാം ഇന്നിങ്സിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 318 റൺസെന്ന നിലയിലാണ് ഇന്ത്യ. സെഞ്ചറി തികച്ച ഓപ്പണർ യശ്വസി ജയ്സ്വാൾ (173), ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (20) എന്നിവരാണ് ക്രീസിൽ. ഓപ്പണർ കെ.എൽ.രാഹുൽ (38), കന്നി സെഞ്ചറിയിലേക്കു കുതിച്ച സായ് സുദർശൻ (87) എന്നിവരുടെ വിക്കറ്റുകളാണ് ഒന്നാം ദിനം ഇന്ത്യയ്ക്കു നഷ്ടമായത്.
രണ്ടാം വിക്കറ്റിൽ ജയ്സ്വാൾ– സായ് സഖ്യം നേടിയ 193 റൺസാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ആദ്യ സെക്ഷനിൽ 18–ാം ഓവറിൽ തന്നെ ഇന്ത്യയുടെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. 54 പന്തിൽ 38 റൺസടിച്ച ഓപ്പണർ കെ.എൽ. രാഹുലാണ് പുറത്തായത്. ജോമല്‍ വരികാനിന്റെ പന്തിൽ രാഹുലിനെ വെസ്റ്റിൻഡീസ് വിക്കറ്റ് കീപ്പർ ഇംലാച് സ്റ്റംപ് ചെയ്യുകയായിരുന്നു. പിന്നാലെയെത്തിയ സായ്, ജയ്സ്വാളിനു മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യൻ സ്കോർ ബോർഡ് അതിവേഗം ചലിക്കുകയായിരുന്നു.