
കാബൂളിൽ പ്രവർത്തിക്കുന്ന ടെക്‌നിക്കൽ മിഷനെ ഇന്ത്യൻ എംബസി പദവിയിലേക്ക് ഉയർത്തുമെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണു ജയശങ്കറിന്റെ പ്രഖ്യാപനം. താലിബാൻ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും അഫ്ഗാനിസ്ഥാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനു മുന്നോടിയായിട്ടാണ് ഈ നീക്കം. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ അമീർ ഖാൻ മുത്താഖിയുടെ സന്ദർശനം നിർണായകമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ അഭിപ്രായപ്പെട്ടു.
നേരത്തേ അഫ്‌ഗാനിസ്ഥാനിൽ ഇന്ത്യൻ എംബസി പ്രവർത്തിച്ചിരുന്നു. അഫ്ഗാനിൽ, താലിബാന്‍ അധികാരം പിടിച്ച് ഒരു വര്‍ഷത്തിനുശേഷം 2022ൽ ഇവിടെ ഇന്ത്യ ടെക്‌നിക്കൽ മിഷൻ സ്ഥാപിച്ചു. പിന്നീടിതുവരെ അവിടെ എംബസി എന്ന നിലയിൽ ഇന്ത്യ പ്രവർത്തിച്ചിരുന്നില്ല. അടുത്തിടെ ഉണ്ടായ ഭൂകമ്പത്തിൽ ആദ്യം അവിടെ സഹായവുമായി എത്തിയത് ഇന്ത്യയാണ്. രാജ്യാന്തര അംഗീകാരത്തിനായുള്ള താലിബാൻ ഭരണകൂടത്തിന്റെ തുടർച്ചയായ ശ്രമത്തിന്റെ ഭാഗമായാണ് അമീർ ഖാൻ മുത്താഖിയുടെ ഇന്ത്യാ സന്ദർശനം.