ublnews.com

ഗാസ സമാധാന കരാർ സ്വാഗതം ചെയ്ത് യുഎഇയും സൗദിയും കുവൈത്തും

ഗാസ സമാധാന കരാർ സ്വാഗതം ചെയ്ത് യുഎഇയും സൗദിയും കുവൈത്തും. ആദ്യഘട്ട കരാറിലെ നിബന്ധനകൾ നടപ്പിലാക്കാൻ ഇരു കക്ഷികളും എത്രയുംവേഗം തയാറാകണമെന്നും ആവശ്യപ്പെട്ടു. മേഖലയിൽ സമാധാനം വീണ്ടെടുക്കുന്നതിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രമങ്ങളെയും കരാർ സുഗമമാക്കാൻ യത്നിച്ച ഖത്തർ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളെയും യുഎഇ വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു.

യുദ്ധം അവസാനിപ്പിക്കുന്നതിനും മേഖലയിൽ സമാധാനവും സ്ഥിരതയും കൊണ്ടുവരുന്നതിനും അടിയന്തര ധാരണയിൽ എത്താൻ ഇസ്രയേലിനോടും ഹമാസിനോടും അഭ്യർഥിച്ചു. നീതിയുക്തവും സമഗ്രവുമായ സമാധാനമാണ് ഗാസയിൽ പ്രതീക്ഷിക്കുന്നതെന്ന് സൗദി, കുവൈത്ത് വിദേശകാര്യ മന്ത്രാലയങ്ങൾ പറഞ്ഞു. ഗാസയിൽനിന്ന് ഇസ്രയേൽ എത്രയും വേഗം പിൻവാങ്ങി സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. പലസ്തീൻ ജനതയ്ക്ക് അടിയന്തരമായി മാനുഷിക, ദുരിതാശ്വാസ സഹായം എത്തിക്കണമെന്ന് ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

ഗാസയിലെ വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടം സംബന്ധിച്ച് യുഎസ് പ്രസിഡന്റെ ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ യുഎഇ സ്വാഗതം ചെയ്തു. ഈ കരാറിന് വഴിയൊരുക്കുന്നതിൽ ട്രംപ് വഹിച്ച പ്രധാനപ്പെട്ട പങ്കിനെ അഭിനന്ദിച്ചു. ദുരന്തപൂർണമായ യുദ്ധം അവസാനിപ്പിക്കാനും ഗാസയിൽ സമാധാനവും സ്ഥിരതയും കൈവരിക്കാനും അടിയന്തര ധാരണകളിലെത്താൻ എല്ലാ കക്ഷികളോടും യുഎഇ ആവശ്യപ്പെട്ടു.

വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ, കരാറിന് വഴിയൊരുക്കുന്നതിൽ പ്രസിഡൻ്റ് ട്രംപ് നടത്തിയ സുപ്രധാന ശ്രമങ്ങളെ യുഎഇ പ്രത്യേകം അഭിനന്ദിച്ചു. കൂടാതെ ഈ ഒത്തുതീർപ്പ് സാധ്യമാക്കിയതിൽ ഖത്തർ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങൾ വഹിച്ച നിരന്തരമായ പങ്കിനെയും പ്രശംസിച്ചു. ഗാസ മുനമ്പിലെ മാനുഷിക ദുരിതങ്ങൾ അവസാനിപ്പിക്കുന്നതിനും പലസ്തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾ ഉറപ്പാക്കുന്ന സ്ഥിരവും നീതിയുക്തവുമായ ഒരു ഒത്തുതീർപ്പിന് വഴിയൊരുക്കുന്നതിനും ഈ കരാർ ഒരു പോസിറ്റീവ് ചുവടുവയ്പ്പാകുമെന്ന് യുഎഇ പ്രത്യാശ പ്രകടിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top