
ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്യ സിൻവാറിന്റെയും സഹോദരൻ മുഹമ്മദ് സിൻവാറിന്റെയും മൃതദേഹങ്ങൾ ഇസ്രായേൽ തിരികെ നൽകിയേക്കില്ലെന്ന് റിപ്പോർട്ട്. ഇസ്രായേൽ തട്ടിക്കൊണ്ടുപോയ ഇരുവരുടെയും മൃതദേഹങ്ങൾ വെടിനിർത്തൽ, ബന്ദിമോചന കരാറിന്റെ ഭാഗമായി തിരിച്ച് നൽകണമെന്ന ഹമാസ് ആവശ്യം അംഗീകരിക്കാൻ സാധ്യതയില്ലെന്നാണ് ഇസ്രായേലി മാധ്യമങ്ങൾറിപ്പോർട്ട് ചെയ്യുന്നത്.
ഇസ്രായേൽ തടവിലാക്കിയ പതിനായിരക്കണക്കിന് ഫലസ്തീനികളെയും നിരവധി പേരുടെ മൃതദേഹങ്ങളും തിരികെ നൽകണമെന്ന് ഹമാസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, യഹ്യ സിൻവാറിൻറെയും സഹോദരൻ മുഹമ്മദ് സിൻവാറിന്റെയും മൃതദേഹങ്ങൾ തിരികെ നൽകില്ലെന്നാണ് ഇസ്രായേൽ നൽകുന്ന സൂചന.
ഇസ്രായേൽ ആക്രമണം കൊടുമ്പിരികൊള്ളുമ്പോഴും യുദ്ധമുഖത്ത് സജീവമായി നിലകൊണ്ട യഹ്യ സിൻവാർ 2024 ഒക്ടോബർ 16നാണ് കൊല്ലപ്പെട്ടത്. റഫയിൽ തകർന്ന അപ്പാർട്ട്മെന്റിൽ വെച്ചായിരുന്നു ആക്രമണം. മരിക്കുന്നതിന്റെ അവസാന നിമിഷം വരെ പോരാടാനുറച്ച അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ ഇസ്രായേൽ സേന പുറത്തുവിട്ടത് ഏറെ വൈറലായിരുന്നു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ് അവശനായിരിക്കുമ്പോഴും കൈയിൽ കിട്ടിയ വടി ഉപയോഗിച്ച് ഐ.ഡി.എഫ് ഡ്രോൺ എറിഞ്ഞിടാൻ ശ്രമിക്കുന്നതായിരുന്നു വിഡിയോയിൽ ഉണ്ടായിരുന്നത്.