
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നു കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. 2019 മുതല്‍ 2024 വരെ അഞ്ചു വര്‍ഷത്തില്‍ റവന്യൂ ചെലവ് കുത്തനെ കൂടിയതും കിഫ്ബി അടക്കം ബജറ്റിനു പുറത്തുള്ള കടമെടുപ്പുമാണ് പ്രധാന വെല്ലുവിളികളായി സിഎജി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഈ കടം കൂടി സംസ്ഥാനത്തിന്റെ പൊതുകടത്തിന്റെ ഭാഗമാകുന്നതോടെ ജിഎസ്ഡിപിയുടെ 37.84 ശതമാനം ആകുമെന്നും ഇതു കണക്കിലെടുക്കുമ്പോള്‍ പ്രതിസന്ധി കടുത്തതാണെന്നും സിഎജി വിലയിരുത്തുന്നു.
റവന്യൂ ചെലവ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ 8.03 ശതമാനം വര്‍ധിച്ച് 2019-20 ലെ 1,04,719.92 കോടിയില്‍ നിന്നും 37,906.42 കോടി കൂടി (36.20 ശതമാനം) 2023-24ല്‍ 1,42,626.34 കോടിയായി. ശമ്പളം, വേതനം, പലിശ, പെന്‍ഷന്‍, എന്നിവ ഉള്‍പ്പെടുന്ന ചെലവുകള്‍ 2019-20ലെ 71,221,27 കോടിയില്‍ നിന്നും 6.82 ശതമാനം വര്‍ധിച്ച് 2023-24 ല്‍ 92,728,15 കോടിയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ ചെലവിന്റെ 5.18 ശതമാനം മാത്രമാണ് മൂലധന ചെലവ്.
കടമെടുത്ത പണം സാധാരണ ചെലവുകള്‍ക്കും കടം വീട്ടാനുമാണ് ഉപയോഗിക്കുന്നത്. റവന്യൂ ചെലവിന്റെ ഗണ്യമായ ഭാഗം ശമ്പളം, വേതനം പെന്‍ഷന്‍ ഇനങ്ങളിലാണ് വരുന്നത്.