
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായിക്ക് നേരെ ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകൻ രാകേഷ് കിഷോറിനെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. ഒരു അഭിഭാഷകന്റെ പരാതിയിലാണ് ബെംഗളൂരു വിധാൻ സൗധ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ജുഡീഷ്യറിയുടെ പ്രതിച്ഛായ സംരക്ഷിക്കാൻ വേണ്ടിയാണ് കേസെന്ന് പരാതിക്കാരൻ പറയുന്നു.
രാകേഷ് കിഷോറിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 132, 133 വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. സീറോ എഫ്ഐആറായി റജിസ്റ്റർ ചെയ്ത കേസ് ഡൽഹിയിൽ സംഭവം നടന്ന സുപ്രീംകോടതി പരിധിയിൽപെടുന്ന പൊലീസ് സ്റ്റേഷനിലേക്കു കൈമാറും. ഒക്ടോബർ ആറിനു രാവിലെയായിരുന്നു സുപ്രീം കോടതിയിൽ വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റിസിനെ അക്രമിക്കാൻ ശ്രമമുണ്ടായത്.