
ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡിനു പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കോയമ്പത്തൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഷൈൻ മോട്ടോഴ്സ് എന്ന സ്ഥാപനത്തിന്റെ ഉടമകളായ സാദിഖ് ബാഷ, ഇമ്രാൻ ഖാൻ എന്നിവരാണ് വാഹനക്കടത്തിന് ചുക്കാൻ പിടിച്ചത് എന്ന വിവരമാണു പുറത്തു വന്നിരിക്കുന്നത്. ഭൂട്ടാൻ മുൻ സൈനികനും ഇടനിലക്കാരനായ ഷാ കിൻലിക്കൊപ്പം ചേർന്ന് ഇരുവരും 16 വാഹനങ്ങൾ വാങ്ങി ഇന്ത്യയിലേക്ക് കടത്തിയെന്ന് ഇ.ഡിയോട് സമ്മതിച്ചു. ഇന്നലെ നടന്ന റെയ്‍ഡിൽ വാഹനക്കടത്തുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ ഒട്ടേറെ രേഖകൾ പിടിച്ചെടുത്തതായും അവയുടെ പരിശോധന പുരോഗമിക്കുന്നതായും ഇ.ഡി വ്യക്തമാക്കി.
കേരളത്തിലെ 5 ജില്ലകളിലായി നടന്ന കസ്റ്റംസ് പരിശോധനയിൽ 39 വാഹനങ്ങൾ പിടികൂടിയതിനു പിന്നാലെയാണ് ഇ.ഡിയും വിഷയത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. തുടർന്നാണ് ഇന്നലെ ചലച്ചിത്ര താരങ്ങൾ, വാഹന ഇടപാടുകാർ, വാഹന ഷോറൂമുകൾ എന്നിങ്ങനെ 17 ഇടങ്ങളിലായി ഇ.ഡി പരിശോധന നടത്തിയത്. സാദിഖ് ബാഷയും ഇമ്രാൻ ഖാനും ഭൂട്ടാനിൽ നിന്ന് പഴയ വാഹനങ്ങൾ വാങ്ങി വ്യാജ എൻഒസികൾ തയാറാക്കുകയായിരുന്നു എന്നും ഇവയ്ക്കായി അനധികൃത മാർഗങ്ങളിലൂടെ പണമിടപാട് നടത്തിയെന്നുമാണ് ഇ.ഡി വ്യക്തമാക്കിയിരിക്കുന്നത്.
കോയമ്പത്തൂരുകാർ 2023–24 സമയങ്ങളിലായി ഭൂട്ടാനിൽ നിന്ന് ഷാ കിൻലിയുടെ സഹായത്തോടെ 16 വാഹനങ്ങൾ വാങ്ങിയെന്ന് ഇ. ഡി കണ്ടെത്തി. ഈ വാഹനങ്ങൾ ഇന്ത്യ–ഭൂട്ടാൻ അതിർത്തിയായ ജയ്ഗാവോണിൽ എത്തിച്ച് അവിടെ നിന്ന് കണ്ടെയ്നർ ട്രക്കുകളിൽ കയറ്റി കൊൽക്കത്ത, ഭൂവനേശ്വർ, ചെന്നൈ വഴി കോയമ്പത്തൂരില്‍ എത്തിക്കുകയായിരുന്നു. ഇതിനായി ഇവർ കസ്റ്റംസ് അനുമതി തേടുകയോ ഇറക്കുമതിച്ചുങ്കം നൽകുകയോ െചയ്തിട്ടില്ല. കോയമ്പത്തൂരിലെത്തിക്കുന്ന വാഹനങ്ങൾ പൊളിച്ച് അവയുടെ സ്പെയർപാർട്സുകൾ കേരളം, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ സംഘം വിറ്റു. ഒഎൽഎക്സ് അടക്കമുള്ള ഓൺലൈൻ സൈറ്റുകളെയാണ് ഇതിനാശ്രയിച്ചത്. പണമിടപാടുകൾ കാഷ് ആയിട്ടോ വ്യക്തിഗത അക്കൗണ്ടുകളിലൂടെയോ ആയിരുന്നു. ഈ ഇടപാടുകൾക്കുള്ള ഇൻവോയിസുകളടക്കം രേഖകൾ ഒന്നും ഇവർ സൂക്ഷിച്ചിട്ടില്ലെന്നും ഇ.ഡി കണ്ടെത്തി.