
സ്റ്റീൽ കമ്പനിയിൽ നിന്ന് തോക്കു ചൂണ്ടി 81 ലക്ഷം രൂപ കവർന്ന സംഭവത്തിൽ അഞ്ചു പേർ പിടിയിൽ. സംഭവത്തിൽ ഉൾപ്പെട്ട രണ്ടു പേരും ഇവരെ സഹായിച്ചു എന്നു കരുതുന്ന 3 പേരുമാണ് ഇതുവരെ പിടിയിലായിട്ടുള്ളത്. മുഖംമൂടി ധരിച്ചെത്തി കവർച്ച നടത്തിയ 4 പേരെ പിടികൂടാനായിട്ടില്ല. അതേ സമയം, സംഭവത്തിൽ നോട്ടിരട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു. അരൂർ ബൈപ്പാസിനോടു ചേർന്ന് കുണ്ടന്നൂരിലുള്ള നാഷണൽ സ്റ്റീൽ കമ്പനിയിൽ ഇന്നലെ വൈകിട്ട് മൂന്നേകാലോടെയായിരുന്നു സംഭവം. സ്റ്റീൽ കമ്പനി ഉടമ തോപ്പുംപടി സ്വദേശി സുബിൻ തോമസ് മരട് പൊലീസിൽ പരാതി നൽകിയിരുന്നു.
ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്ത വടുതല സ്വദേശി സജി, നോട്ടിരട്ടിപ്പ് ഇടപാടിനായി എത്തിയതെന്ന് കരുതുന്ന വിഷ്ണു എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്. കവർച്ചാ സംഘം സഞ്ചരിച്ച രണ്ടു കാറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ ഒരു വാഹനം തൃശൂരിൽ നിന്നാണ് പിടിച്ചത് എന്നതുകൊണ്ടു തന്നെ പ്രതികൾ ജില്ല വിട്ടിരിക്കാനുള്ള സാധ്യതയുമുണ്ട്. ‘‘ഇനി പൈസ കണ്ടെടുക്കണം, ആയുധങ്ങൾ കണ്ടെടുക്കണം, മുഖംമൂടിയിട്ട് എത്തിയവരെ പിടിക്കാനുണ്ട്. അറസ്റ്റിലായ രണ്ടു പേരുടെയും പങ്ക് വ്യക്തമാണ്. ഇവരെ കേസിൽ പ്രതി ചേർത്തിട്ടുണ്ട്. വിഷ്ണുവിനൊപ്പമുണ്ടായിരുന്ന ജോജി, കവർച്ച നടത്തിയവർ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. പ്രതികളെ സഹായിച്ചതിന് 3 പേരെ പിടികൂടി. ഇവരെ ചോദ്യം ചെയ്തുവരികയാണ്’’– കമ്മീഷണർ പറഞ്ഞു.