
ഈ വര്‍ഷത്തെ ആദ്യ എട്ട് മാസങ്ങളില്‍ യു.എ.ഇ സെന്‍ട്രല്‍ ബാങ്കിന്റെ സ്വര്‍ണ ശേഖരം ഏകദേശം 32 ശതമാനം വര്‍ധിച്ച് ഇതാദ്യമായി 30 ബില്യണ്‍ കവിഞ്ഞു. ഓഗസ്റ്റ് അവസാനത്തോടെ കരുതല്‍ ശേഖര മൂല്യം 30.329 ബില്യണിലെത്തി. 2024 ഡിസംബര്‍ അവസാനം ഇത് 22.981 ബില്യണ്‍ ദിര്‍ഹമായിരുന്നു. പ്രതിമാസ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ ബാങ്കിന്റെ സ്വര്‍ണ ശേഖരം ജൂലൈ അവസാനം 28.997 ബില്യണ്‍ ദിര്‍ഹമില്‍ നിന്ന്, ഓഗസ്റ്റില്‍ 4.5 ശതമാനത്തിലധികം വളര്‍ന്നു.
ഇന്നലെ പുറത്തിറക്കിയ സി.ബി.യു.എ.ഇയുടെ സ്ഥിതി വിവര ബുള്ളറ്റിന് പ്രകാരം ഓഗസ്റ്റ് അവസാനത്തോടെ ഡിമാന്‍ഡ് ഡെപ്പോസിറ്റുകളുടെ മൂല്യം 1.188 ട്രില്യണ്‍ ദിര്ഹമിലധികമായി വര്‍ധിച്ചു. 2024 ഡിസംബര്‍ അവസാനത്തോടെ ഇത് 1.109 ട്രില്യണ്‍ ദിര്‍ഹം ആയിരുന്നു. ഓഗസ്റ്റ് അവസാനത്തോടെ ഡിമാന്‍ഡ് ഡെപ്പോസിറ്റുകളില്‍ പ്രാദേശിക കറന്‍സിയിലെ 892.273 ബില്യണും, വിദേശ കറന്‍സികളില്‍ 296.137 ബില്യണും ഉള്‍പ്പെടുന്നു.
സേവിംഗ്സ് നിക്ഷേപങ്ങള്‍ ആകെ 376.479 ബില്യണ്‍ ആയി. 2024 ഡിസംബര്‍ അവസാനത്തോടെയുള്ള 317.48 ബില്യണില്‍ നിന്നാണീ വര്‍ധനയുണ്ടായിരിക്കുന്നത്. ഇതില്‍ പ്രാദേശിക കറന്‍സിയില്‍ 321.761 ബില്യണും, വിദേശ കറന്‍സികളില്‍ 54.718 ബില്യണും ഉള്‍പ്പെടുന്നു. ഓഗസ്റ്റ് അവസാനത്തോടെ ടൈം ഡെപ്പോസിറ്റുകള്‍ 1.05 ട്രില്യണ്‍ കവിഞ്ഞു. പ്രാദേശിക കറന്‍സിയില്‍ 664.669 ബില്യണും വിദേശ കറന്‍സികളില്‍ 386.19 ബില്യണും നിലവിലുണ്ട്.