
ദുബായിൽ അടുത്ത വർഷത്തോടെ 30 ശതമാനം പ്രദേശങ്ങളിലും, അഞ്ചുവർഷത്തിനുള്ളിൽ 70 ശതമാനം സ്ഥലങ്ങളിലും ഡ്രോൺ ഡെലിവറി സേവനം ലഭ്യമാക്കുമെന്ന് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ മുഹമ്മദ് അബ്ദുല്ല ലൻഗാവി പറഞ്ഞു. ദുബൈ എയർഷോക്ക് മുന്നോടിയായി നടന്ന വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദുബൈ സിലിക്കൺ ഒയാസിസിൽ ഡ്രോൺ ഡെലിവറിയുടെ ആദ്യഘട്ടം നടപ്പാക്കിയതായും ഡയറക്ടർ ജനറൽ പറഞ്ഞു. ദുബൈ എയർഷോക്ക് മുന്നോടിയായി പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കും. സേവനം പ്രവർത്തനക്ഷമമാക്കുന്നത് സംബന്ധിച്ച നിയന്ത്രണ ചട്ടക്കൂടുകൾ സ്ഥാപിതമായിട്ടുണ്ട്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് നടപ്പാക്കുന്നത്. എന്നാൽ, ഇതിന്റെ ഫലം മികച്ചതാണെങ്കിൽ ഡ്രോൺ ഡെലിവറിക്കും ഇലക്ട്രിക്കൽ പറക്കുംവാഹനങ്ങൾക്കും യോജിച്ച ആവാസ വ്യവസ്ഥ രൂപപ്പെടും -അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ഡിസംബറിൽ ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി ‘കീറ്റ ഡ്രോണി’ന് ആദ്യമായി ഡ്രോൺ ഡെലിവറി ലൈസൻസ് അനുവദിച്ചിരുന്നു. ആദ്യഘട്ടത്തിൽ മെഡിസിനുകളും പാർസലുകളും എത്തിക്കാൻ ആറ് ഡ്രോണുകൾ ദുബൈ സിലിക്കൺ ഒയാസിസിൽ ഉപയോഗിക്കാനാണ് അനുമതി നൽകിയിരുന്നത്.
പറക്കും ടാക്സികൾ ഭാവി ഗതാഗതത്തെ പ്രതിനിധാനം ചെയ്യുന്നതാണെന്നും, ഇക്കാര്യത്തിൽ നിയന്ത്രണ ചട്ടക്കൂട് രൂപപ്പെടുത്തുന്നതിന്റെ ഘട്ടത്തിലാണെന്നും ഡയറക്ടർ ജനറൽ മുഹമ്മദ് അബ്ദുല്ല ലൻഗാവി പറഞ്ഞു. ആസൂത്രണ, പരീക്ഷണ ഘട്ടത്തിലാണ് നിലവിലുള്ളതെന്നും പറക്കുംടാക്സികൾ എല്ലാ സുരക്ഷ, നിയന്ത്രണ മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുബൈയിൽ എയർ ടാക്സികൾ അടുത്തവർഷം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.