
ശബരിമലയിലെ ദ്വാരപാലക ശില്‍പം ഈ വര്‍ഷം സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതുമായി ബന്ധപ്പെട്ട് തിരുവാഭരണം കമ്മിഷണര്‍ എട്ടു ദിവസത്തിനുള്ളില്‍ നിലപാട് മാറ്റിയതില്‍ ദുരൂഹത ഒന്നും ഇല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. പുതുതായി വന്ന ഉദ്യോഗസ്ഥന്‍ ആദ്യം റിപ്പോര്‍ട്ട് നല്‍കിയെന്നും എട്ടു ദിവസത്തിനുള്ളില്‍ മറ്റൊരു റിപ്പോര്‍ട്ട് അയയ്ക്കുകയായിരുന്നുവെന്നും പ്രശാന്ത് പറഞ്ഞു.
ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ അറ്റകുറ്റപ്പണി നടത്തുന്നത് ഗുണകരമല്ലെന്ന് ജൂലൈ 30ന് ശബരിമല എക്‌സിക്യുട്ടീവ് ഓഫിസര്‍ക്ക് കത്തയച്ച തിരുവാഭരണം കമ്മിഷണര്‍ പിന്നീട് ഉണ്ണികൃഷ്ണന്‍ പോറ്റിയെയും സ്മാര്‍ട് ക്രിയേഷന്‍സിനെയും തന്നെ പണി ഏല്‍പിക്കാമെന്ന് അറിയിച്ചതാണ് വിവാദമായിരിക്കുന്നത്. എന്നാല്‍ വാറന്റി, ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പേരില്‍ ആയതുകൊണ്ടും സ്മാര്‍ട്ട് ക്രിയേഷന്‍സ് ആധികരിക സ്ഥാപനമാണെന്നു ബോധ്യപ്പെട്ടതുകൊണ്ടുമാണ് തിരുവാഭരണം കമ്മിഷണര്‍ നിലപാട് മാറ്റി അറിയിച്ചതെന്ന് പി.എസ്.പ്രശാന്ത് പറഞ്ഞു.
ഉണ്ണികൃഷ്ണന്‍ പോറ്റിയെ ബന്ധപ്പെട്ടുവെന്നതും സ്‌പോണ്‍സര്‍ ചെയ്യാന്‍ തയാറുണ്ടോ എന്നു ചോദിച്ചതും സത്യമാണ്. എന്നാല്‍ അതിനപ്പുറം ഒരു ബന്ധവും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബോര്‍ഡിനില്ല. വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ക്കു വീഴ്ച പറ്റിയെന്നാണ് ദേവസ്വം വിജിലന്‍സ് എസ്പി നല്‍കിയ ഇടക്കാല റിപ്പോര്‍ട്ട്. അന്നത്തെ ഭരണസമിതിയെക്കുറിച്ചൊന്നും അതില്‍ പരാമര്‍ശമില്ല. എല്ലാ ആരോപണങ്ങളും അന്വേഷിക്കാനാണ് ഹൈക്കോടതി പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്. അവര്‍ സത്യം കണ്ടെത്തട്ടെ. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം. ആറാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അതുവരെ പ്രതിപക്ഷനേതാവ് സഹകരിക്കണമെന്നും പ്രശാന്ത് പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാക്ക് കേട്ടാണ് പ്രതിപക്ഷ നേതാവ് തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്നും പ്രശാന്ത് പറഞ്ഞു.