ublnews.com

സ്വര്‍ണപ്പാളി വിവാദം; നിയമസഭ തുടര്‍ച്ചയായി മൂന്നാം ദിവസവും പ്രക്ഷുബ്ധം

സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതിപക്ഷം പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ നിയമസഭ തുടര്‍ച്ചയായി മൂന്നാം ദിവസവും പ്രക്ഷുബ്ധം. ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ദേവസം മന്ത്രി രാജിവയ്ക്കുകയും ദേവസ്വം അംഗങ്ങളെ പുറത്താക്കുകയും ചെയ്യും വരെ സഭാനടപടികളുമായി നിസഹകരിക്കാനാണ് തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.

അതേസമയം, ശരിയായ രീതിയില്‍ നോട്ടിസ് നല്‍കി വിഷയം അവതരിപ്പിക്കുന്നതിനു പകരം പ്രതിപക്ഷം എന്തുകൊണ്ടാണ് ഇത്തരം സമീപനം സ്വീകരിക്കുന്നതെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി എം.ബി.രാജേഷ് ചോദിച്ചു. ഇന്നലെ ഗാലറിയില്‍ എത്തിയ സ്‌കൂള്‍ കുട്ടികള്‍ കണ്ടത് സ്പീക്കറെ തടസപ്പെടുത്തുന്നതാണെന്നും ഇത്തരം ജനാധിപത്യമാണോ കുട്ടികള്‍ പഠിക്കേണ്ടതെന്നും സ്പീക്കര്‍ ചോദിച്ചു. തന്റെ ചിത്രവും പ്ലക്കാർഡിൽ കാണുന്നുണ്ടെന്നും യഥാര്‍ഥത്തില്‍ നാഷനല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് ‘ബഡാ ചോറി’നെപ്പറ്റിയാണ് ഇവിടെ ചര്‍ച്ച ചെയ്യേണ്ടതെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പരിഹസിച്ചു.

അതേസമയം, നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കര്‍ക്കു മുന്നില്‍ ബാനര്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചു പ്രതിഷേധം തുടര്‍ന്നു. സ്പീക്കറുടെ കസേരയ്ക്കു മുന്നില്‍ നിരന്ന വാച്ച് ആന്‍ഡ് വാര്‍ഡും പ്രതിപക്ഷ അംഗങ്ങളും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. വാച്ച് ആന്‍ഡ് വാര്‍ഡിനെ പ്രതിപക്ഷാംഗങ്ങള്‍ അടിക്കുകയാണെന്ന് പറഞ്ഞ് മന്ത്രി ശിവന്‍കുട്ടിയും കടകംപള്ളി സുരേന്ദ്രനും രോഷാകുലരായി എഴുന്നേറ്റു. റോജിയെ സഭയില്‍നിന്ന് പുറത്താക്കണമെന്ന് ശിവന്‍കുട്ടി ആവശ്യപ്പെട്ടു. ഭരണപക്ഷാംഗങ്ങളും പ്രതിഷേധവുമായി നടുത്തളത്തിലേക്ക് ഇറങ്ങിയതോടെ ഇരുവിഭാഗവും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതോടെ സഭാ നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top