
ഗാസയിലെ ആക്രമണം അവസാനിപ്പിക്കുന്നതിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമാധാന പദ്ധതിപ്രകാരമുള്ള കരാറിലെത്താൻ സന്നദ്ധമാണെന്നും എന്നാൽ ഏതാനും വ്യവസ്‌ഥകളുണ്ടെന്നും ഹമാസ്. ഈജിപ്തിലെ ഷാമെൽ ഷെയ്ഖ് റിസോർട്ടിൽ നടക്കുന്ന ഇസ്രയേൽ –ഹമാസ് സമാധാന ചർച്ച രണ്ടാംദിനത്തിലേക്കു കടന്നതിനു പിന്നാലെയാണ് ഹമാസിന്റെ പ്രതികരണം.
‘ഗാസയിലെ ഞങ്ങളുടെ ജനങ്ങളുടെ അഭിലാഷം നിറവേറ്റുന്ന ഒരു കരാറിൽ എത്താൻ എല്ലാ തടസ്സങ്ങളെയും മറികടക്കാൻ ഈജിപ്തിൽ നടക്കുന്ന സമാധാന ചർച്ചയിൽ പങ്കെടുക്കുന്ന ഹമാസ് പ്രതിനിധി സംഘം പ്രവർത്തിക്കുകയാണ്. യുദ്ധം അവസാനിക്കുമെന്നും ഇസ്രയേൽ സൈന്യം ഗാസയിൽ നിന്ന് പൂർണമായി പിൻവാങ്ങുമെന്നും ഉറപ്പാക്കുന്ന കരാറാണ് ഉണ്ടാകേണ്ടത്. ഗാസയിൽനിന്ന് ഇസ്രയേൽ പൂർണമായി പിൻമാറിയാലേ സമാധാന ഉടമ്പടി സാധ്യമാകൂ. ഇസ്രയേൽ ഇക്കാര്യം അംഗീകരിച്ചിട്ടില്ല. ബന്ദികളെ കൈമാറുന്നതിനുള്ള ചർച്ചകൾക്കു തടസ്സമാണ് ആക്രമണം’ – ഹമാസ് വക്‌താവ് പറഞ്ഞു.
അതേസമയം, ചർച്ച പുരോഗമിക്കുന്നതിനിടെയും ഇസ്രയേൽ കര, കടൽ, വ്യോമാക്രമണം തുടരുകയാണ്. സൈനികനടപടി നിർത്തണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശം കാറ്റിൽപറത്തിയാണ് ആക്രമണം. തെക്കൻ ഗാസയിൽ ഖാൻ യൂനിസും വടക്ക് ഗാസ സിറ്റിയും അടക്കമുള്ള മേഖലകളിൽ ആക്രമണമുണ്ടായി. ഖാൻ യൂനിസിൽ മാത്രം 6 പലസ്തീൻകാർ കൊല്ലപ്പെട്ടു.