
ഇക്വഡോർ പ്രസിഡന്റ് ഡാനിയേൽ നൊബോവയ്ക്കു നേരെ വധശ്രമം. ഡീസൽ സബ്സിഡി അവസാനിപ്പിച്ച നൊബോവയുടെ നടപടിയ്ക്ക് എതിരെ നടന്ന പ്രതിഷേധത്തിനിടെ ആയിരുന്നു വധശ്രമം. നൊബോവയുടെ കാർ വളഞ്ഞ ശേഷം പ്രതിഷേധക്കാരികൾ വെടിയുതിർക്കുക ആയിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രസിഡന്റിന്റെ വാഹനത്തിൽ വെടിയുണ്ടകൾ പതിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതായി പരിസ്ഥിതി – ഊർജ മന്ത്രി ഇനെസ് മൻസാനോ പറഞ്ഞു. നൊബോവയ്‌ക്കെതിരായ വധശ്രമത്തിന്റെ റിപ്പോർട്ട് ഔദ്യോഗികമായി സമർപ്പിച്ച ശേഷം ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘‘പ്രസിഡന്റിന്റെ കാറിനു നേരെ വെടിയുതിർക്കുക, കല്ലെറിയുക, രാജ്യത്തിന്റെ പൊതുസ്വത്തിനു കേടുപാടുകൾ വരുത്തുക. ഇത് കുറ്റമാണ്. ഞങ്ങൾ ഇത് അനുവദിക്കില്ല’’ – ഇനെസ് മൻസാനോ പറഞ്ഞു. അറസ്റ്റിലായ പ്രതിഷേധക്കാർക്ക് എതിരെ തീവ്രവാദ കുറ്റത്തിനും വധശ്രമത്തിനും കേസെടുക്കുമെന്ന് നൊബോവയുടെ ഓഫിസ് അറിയിച്ചു.