
കോഴിക്കോട് വിമാനത്താവളത്തിൽനിന്നു ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കിയതിനെത്തുടർന്നു വിമാനത്താവളത്തിനകത്തും പുറത്തും യാത്രക്കാർ മണിക്കൂറുകളോളം വലഞ്ഞു. ചൊവ്വാഴ്ച പുലർച്ചെ 12.30നു പുറപ്പെടേണ്ട വിമാനത്തിൽ പോകുന്നതിനായി രാത്രി ഒൻപതോടെ വിമാനത്താവളത്തിൽ എത്തിയതായിരുന്നു മിക്ക യാത്രക്കാരും. സാങ്കേതിക തകരാറിനെത്തുടർന്നു വിമാനം വൈകുമെന്ന് അറിയിച്ചെങ്കിലും പിന്നീട് കൃത്യമായ സമയം പറയാതെയും പറഞ്ഞ സമയം പാലിക്കാതെയും സമയത്തു ഭക്ഷണം നൽകാതെയും പ്രയാസത്തിലാക്കിയെന്നാണു പരാതി.
യാത്രക്കാർ പറയുന്നത് ഇങ്ങനെയാണ്. ബോഡിങ് പാസ് എടുത്തു വിമാനം കയറാൻ കാത്തുനിൽക്കുമ്പോൾ, രാത്രി 11.40നാണ് വിമാനം വൈകുമെന്ന് അറിയിച്ചത്. തുടർന്നു വിമാനത്താവളത്തിൽ കാത്തിരുന്നു. പുലർച്ചെ രണ്ടിനു പുറപ്പെടുമെന്നാണ് ആദ്യം പറഞ്ഞത്. പിന്നീടത് നാലിലേക്കും ആറിലേക്കും മാറ്റി. രാവിലെയാണ് വിമാനം റദ്ദാക്കിയതായി അറിയുന്നത്. താമസം നൽകാമെന്നറിയിച്ചു ഹോട്ടൽമുറിയിലേക്കു കൊണ്ടുപോകാൻ വാഹനമെത്തിയത് ഏഴോടെ. വിമാനം ഇന്നലെ വൈകിട്ട് മൂന്നിനു പുറപ്പെടുമെന്നു പിന്നീടറിയിച്ചു. അതനുസരിച്ച് ഉച്ചയ്ക്ക് 12ന്, കൊണ്ടോട്ടിയിലെ താമസസ്ഥലത്തുനിന്ന്, വിമാനക്കമ്പനി അയച്ച വാഹനത്തിൽ കയറിയപ്പോൾ ആണ് യാത്ര വീണ്ടും മാറ്റിയതായി പറയുന്നത്.
വീണ്ടും മുറിയിലേക്കു മടങ്ങി. യാത്രക്കാരെ ബുധനാഴ്ച പുലർച്ചെയുള്ള വിമാനത്തിൽ കൊണ്ടുപോകുമെന്നു പിന്നീട് അധികൃതർ അറിയിച്ചതായി യാത്രക്കാർ പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒട്ടേറെപ്പേരാണു വിമാനത്താവളത്തിനകത്തും പുറത്തും വിഷമത്തിലായത്.