
ശബരിമല സ്വർണപ്പാളി വിവാദത്തിൽ, ആ സമയത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന ബി. മുരാരി ബാബുവിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു. നിലവില്‍ ഹരിപ്പാട് ദേവസ്വം ഡപ്യൂട്ടി കമ്മിഷണറാണ്. ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ആയിരിക്കെ, ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ചവരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ചെമ്പ് തെളിഞ്ഞതുകൊണ്ടാണു വീണ്ടും പൂശാൻ നൽകിയതെന്ന് മുരാരി ബാബു മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ റിപ്പോർട്ടിൽ വന്നതു പോലെ സ്വർണപ്പാളിയല്ല. അതിൽ അന്വേഷണം നടക്കുകയാണ്. തിരുവാഭരണ കമ്മിഷണർ ഓഫിസിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പരിശോധിച്ച ശേഷമാണു 2019ൽ ഇളക്കിക്കൊണ്ടുപോയത്. 2019 ജൂലൈയിൽ ഇളക്കുമ്പോൾ താൻ ചാർജു മാറി. ഇളക്കുന്ന സമയത്താണു ഭൗതിക പരിശോധന പൂർണമായി നടക്കുന്നത്. അപ്പോൾ കമ്മിഷണർ ഓഫിസിലെ ഉദ്യോഗസ്ഥർ അവിടുണ്ട്. സ്വർണം പൂശിയതു തെളിഞ്ഞു ചെമ്പ് ആയിട്ടുള്ളത് വീണ്ടും പൂശാൻ അനുവദിച്ചു എന്നാണു താൻ റിപ്പോർട്ട് നൽകിയത്.