
കാനഡയിൽ 47,000 ത്തിലധികം വിദേശ വിദ്യാർഥികൾ അനധികൃതമായി താമസിക്കുന്നുണ്ടെന്നാണ് പുതിയ കണക്ക്. ഇതിൽ ഇന്ത്യയാണ് മുൻപന്തിയിലുള്ളതെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വന്ന വിദ്യാർഥികൾ സ്‌കൂളുകളിൽ പോകുന്നില്ലെന്ന് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഐ.ആർ.സി.സി ഇവരുടെ മേൽ നിയമലംഘന കേസുകൾ റിപ്പോർട്ട് ചെയ്തു.
വിസ നിയമങ്ങൾ പാലിക്കാതെയാണ് വിദേശ വിദ്യാർഥികൾ കാനഡയിൽ താമസിക്കുന്നതെന്ന് അടുത്തിടെ നടന്ന ഹൗസ് ഓഫ് കോമൺസ് കമ്മിറ്റി യോഗത്തിൽ ഇമിഗ്രേഷൻ റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐ.ആർ.സി.സി) പറഞ്ഞു.
47,175 വിദ്യാർഥികളാണ് പാഠ്യപദ്ധതികൾ പാലിക്കാതെ അനധികൃതമായി കാനഡയിൽ താമസിക്കുന്നതെന്ന് ഐ.ആർ.സി.സി ഉദ്യോഗസ്ഥർ കുറ്റപ്പെടുത്തി. നിബന്ധന പ്രകാരമുള്ള ക്ലാസുകളിൽ പോലും വിദ്യാർഥികൾ പങ്കെടുക്കുന്നില്ല. ഇത്തരം നിയമലംഘനത്തിൽ നിരവധി രാജ്യക്കാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും മുൻനിരയിലുള്ളത് ഇന്ത്യയാണെന്ന് ഐ.ആർ.സി.സി മേധാവി ആയിഷ സഫർ ചൂണ്ടിക്കാട്ടി.