
ഇസ്രായേൽ -ഹമാസ് സമാധാന കരാറിൽ ബിന്യമിൻ നെതന്യാഹു നെഗറ്റീവല്ല, വളരെ പോസിറ്റീവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘ഏകദേശം എല്ലാ രാജ്യങ്ങളും ഈ കരാറിനായി പ്രവർത്തിക്കുകയും അത് അന്തിമമാക്കാൻ ഉത്സാഹിക്കുകയും ചെയ്യുന്നുണ്ട്. അവിശ്വസനീയമാംവിധം, എല്ലാവരും ഒത്തുചേർന്ന ഒരു കരാറാണിത്,’ തിങ്കളാഴ്ച നടന്ന വാർത്തസമ്മേളനത്തിൽ ട്രംപ് പറഞ്ഞു.
ഗസ്സ വെടിനിർത്തൽ പദ്ധതിയിൽ ഹമാസിന്റെ പ്രതികരണത്തെക്കുറിച്ച് ചോദ്യത്തിന് മറുപടിയായി, പ്രധാനപ്പെട്ട നിബന്ധനകൾ എല്ലാം ഹമാസ് അംഗീകരിക്കുന്നുണ്ടെന്നാണ് കരുതുന്നതെന്നായിരുന്നു ട്രംപിൻറെ മറുപടി. ഹമാസിൻറെ നിരായുധീകരണമടക്കം നിബന്ധനകൾ പരാമർശിച്ച് ‘ചില കാര്യങ്ങൾ അന്തിമമാകാത്ത പക്ഷം’ കരാർ അന്തിമമാവില്ലെന്ന് പറഞ്ഞ ട്രംപ് നിലവിലെ പുരോഗതി പ്രതീക്ഷ നൽകുന്നതാണെന്നും വിശദമാക്കി.
ബിന്യമിൻ നെതന്യാഹുവിനോട് നെഗറ്റീവാവുന്നത് അവസാനിപ്പിക്കണമെന്ന് താൻ പറഞ്ഞുവെന്ന വാർത്ത തെറ്റാണെന്നും ട്രംപ് പറഞ്ഞു. നെതന്യാഹു സമാധാന ഉടമ്പടിയെ സംബന്ധിച്ച് ഏറെ പോസിറ്റീവാണ്. സമാധാന ഉടമ്പടി ഉടനുണ്ടാവുമെന്നും ട്രംപ് പറഞ്ഞു.
ഈജിപ്തിലെ ഷാം എൽ-ഷെക്കിൽ പുരോഗമിക്കുന്ന സമാധാന ചർച്ചകൾ ചൊവ്വാഴ്ചയും തുടരുമെന്ന് ഈജിപ്തിന്റെ ഔദ്യോഗിക മാധ്യമമായ അൽ ഖഹേര ന്യൂസ് റിപ്പോർട്ട് ചെയ്തു.