
ഇന്ത്യയും ഖത്തറും തമ്മിൽ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാക്കുന്നതിനുള്ള പരിഗണനാവിഷയങ്ങൾ വൈകാതെ അന്തിമമാക്കും. വ്യാപാരമടക്കമുള്ള വിഷയങ്ങളിൽ ചർച്ച നടത്താനായി പീയൂഷ് ഗോയൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ ഖത്തറിലെത്തി. ഇന്നലെ ചേർന്ന ഖത്തർ–ഇന്ത്യ ജോയിന്റ് കമ്മിഷൻ ഓൺ ട്രേഡ് ആൻഡ് കൊമേഴ്സിന്റെ യോഗത്തിൽ ഗോയലും ഖത്തർ വാണിജ്യകാര്യമന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ താനി ഫൈസൽ അൽതാനിയും തമ്മിൽ കൂടിക്കാഴ്ച നടത്തി.
ഏതൊക്കെ വിഷയങ്ങൾ വ്യാപാരക്കരാറിന്റെ ഭാഗമാകണമെന്നത് ടേംസ് ഓഫ് റെഫറൻസിലാണ് വ്യക്തമാക്കുക. ഇന്ത്യയും ഖത്തറും തമ്മിലുള്ള വാർഷിക ഉഭയകക്ഷി വ്യാപാരം 1,415 കോടി ഡോളറിന്റേതാണ്. ഖത്തറിൽ നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുന്നതിന്റെ 90 ശതമാനവും പെട്രോളിയം ഉൽപന്നങ്ങളാണ്. പെട്രോളിയം ഉൽപന്നങ്ങൾക്കായി കാര്യമായി ആശ്രയിക്കുന്നതിനാൽ ഖത്തറുമായി ഇന്ത്യയ്ക്ക് വലിയ തോതിലുള്ള വ്യാപാരക്കമ്മിയുണ്ട്. അതായത് ഇന്ത്യ ഖത്തറിലേക്ക് കയറ്റുമതി ചെയ്യുന്നതിന്റെ പല ഇരട്ടിയാണ് അവിടെ നിന്നുള്ള ഇറക്കുമതി.
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഫെബ്രുവരിയിൽ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 1,000 കോടി ഡോളറിന്റെ നിക്ഷേപം വാഗ്ദാനം ചെയ്യുകയും ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ ഓഫിസ് ഇന്ത്യയിൽ തുറക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. ദോഹയിലെ ലുലു മാളിൽ യുപിഐ വഴി പണമിടപാടുകൾ നടത്തുന്നതിന്റെ ഉദ്ഘാടനവും പീയൂഷ് ഗോയൽ നിർവഹിച്ചു.