
യുഎഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പൈതൃകം വിളിച്ചോതുന്ന സായിദ് നാഷനൽ മ്യൂസിയം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. അബുദാബി കിരീടാവകാശിയും അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സാംസ്കാരിക ജില്ലയിലെ മ്യൂസിയത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തി. ഈ ഡിസംബറിൽ മ്യൂസിയം ഔദ്യോഗികമായി തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎഇയുടെ ദേശീയ യാത്രയിലെ പ്രധാന നാഴികക്കല്ലുകൾ, ഷെയ്ഖ് സായിദിന്റെ ദീർഘവീക്ഷണം, പരിസ്ഥിതി സംരക്ഷണം, മാനവ ശാക്തീകരണം, സാംസ്കാരിക സഹിഷ്ണുത, ലോകത്തെങ്ങുമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയ അദ്ദേഹത്തിന്റെ നിലനിൽക്കുന്ന മൂല്യങ്ങൾ എന്നിവയെല്ലാം മ്യൂസിയത്തിലെ സ്ഥിരം ഗാലറികളിൽ പ്രദർശിപ്പിക്കും. സായിദ് നാഷണൽ മ്യൂസിയം രാഷ്ട്രപിതാവിന്റെ പൈതൃകത്തിന് ഒരു സാക്ഷ്യമാണെന്നും മുൻതലമുറയുടെ അറിവ് വർത്തമാനകാലത്തേയ്ക്ക് കൊണ്ടുവന്ന് ഭാവി തലമുറയ്ക്ക് പ്രചോദനമാകുമെന്നും ഷെയ്ഖ് ഖാലിദ് പറഞ്ഞു. യുഎഇയുടെ സുസ്ഥിര വികസനത്തിന്റെ പ്രധാന തൂണായി സംസ്കാരത്തിൽ നിക്ഷേപം നടത്താനുള്ള യുഎഇ നേതൃത്വത്തിന്റെ പ്രതിബദ്ധതയാണ് ഈ സാംസ്കാരിക കേന്ദ്രം പ്രതിഫലിപ്പിക്കുന്നത്.
രണ്ട് നിലകളിലായി ആറ് സ്ഥിരം ഗാലറികളും ഒരു താൽക്കാലിക പ്രദർശന ഗാലറിയും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്.3,00,000 വർഷം പഴക്കമുള്ള മനുഷ്യചരിത്രം സന്ദർശകർക്ക് ഇവിടെ അടുത്തറിയാം. ‘അൽ മസാർ ഗാർഡൻ’ എന്ന 600 മീറ്റർ നീളമുള്ള ഔട്ട്ഡോർ ഗാലറിയും മ്യൂസിയത്തിന്റെ ഭാഗമാണ്. യുഎഇയിലെ മനുഷ്യവാസത്തിന്റെ ആദ്യകാല തെളിവുകൾ കണ്ടെത്തിയ പുരാവസ്തുക്കളും ചരിത്രപരമായ വസ്തുക്കളും മ്യൂസിയത്തിൽ പ്രദർശിപ്പിക്കും. രാജ്യത്തിന്റെ സംസ്കാരവും പൈതൃകവും വാണിജ്യപാതകളിലൂടെയുള്ള ബന്ധങ്ങളും ഇവിടെ അവതരിപ്പിക്കും.